സ്വകാര്യ വത്കരണം, ഭൂമി കച്ചവടം, വാചക കസർത്ത്; ഇതെല്ലാം ചേർന്നതാണ് ബജറ്റെന്ന് കെ രാജൻ

കെ രാജൻ
തിരുവനന്തപുരം: സ്വകാര്യ വത്കരണം, ഭൂമി കച്ചവടം, വാചക കസർത്ത്, ഇതെല്ലാം ചേർന്നതാണ് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റെന്ന് എംഎൽഎ കെ രാജൻ. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ നിന്ന് സർക്കാരിന്റെ പച്ചയായ ഒളിച്ചോട്ടം എങ്ങനെയാണെന്നതിന്റെ ഏറ്റവും പ്രകടമായുള്ള പ്രഖ്യാപനമാണ് ബജറ്റെന്നും അദേഹം കൂട്ടിച്ചേർത്തു. കൊട്ടിഘോഷിച്ചുകൊണ്ട് അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടികളിൽ കെഎസ്ആർടിസി യാത്രാ സൗജന്യം ഒഴികെ ഒന്നും പ്രാബല്യത്തിൽ വരാനുള്ള സാമ്പത്തികമായുള്ള ഒരു നിർദേശവും ബജറ്റിൽ ഇല്ല.
എൽഡിഎഫ് സർക്കാർ 1000 രൂപ വീതം കൊടുത്തുകൊണ്ടിരുന്ന സ്ത്രീസുരക്ഷാ പെൻഷൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിർത്തിവെച്ചു. കൂടാതെ, ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർഥിനികൾക്കുള്ള 1000 രൂപ പ്രതിമാസം കൊടുക്കുമെന്ന വാഗ്ദാനവും, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിതമായിട്ടുള്ള ലോൺ കൊടുക്കും എന്ന വാഗ്ദാനത്തെ കുറിച്ചും ബജറ്റിൽ പരാമർശമില്ല.
കുടുംബത്തിന് 25 ലക്ഷം രൂപയുടെ പ്രതിവർഷ ഇൻഷുറൻസിന് പ്രാഥമികമായി 10 കോടി മാറ്റിവെച്ചത് എന്തിനാണെന്നോ പദ്ധതി എന്ന് ആരംഭിക്കുമെന്നോ വ്യക്തത ഇല്ല. ഒരു സർക്കാർ തുടക്കത്തിലേ തന്നെ തന്നെ ഇത്രയും കച്ചവടത്തിലേയ്ക്ക് പോകുമെന്ന് കേരളം പ്രതീക്ഷിച്ചതല്ല. ഭൂനിയമങ്ങൾ മാറ്റാൻ പോകുന്നു എന്നാണ് പ്രഖ്യാപനം. അക്ഷരാർഥത്തിൽ ഇതെല്ലാം എത്തി നിൽക്കുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് നിർബന്ധപൂർവ്വം കൊണ്ടുവന്ന ഭൂമിക്കച്ചവടത്തിലാണ്. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ആണ് ഇതെല്ലാം എടുത്ത് കളഞ്ഞത്.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാമെന്ന് വിധത്തിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. യഥാർഥത്തിൽ ഭൂപരിഷ്കരണ നിയമത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ അഞ്ച് ശതമാനം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അനുമതി നല്‍കുന്ന ഭേദഗതി നേരത്തെ ഉണ്ടായിട്ടുള്ളതാണ്. ഈ ബജറ്റിലെ പ്രഖ്യാപനം വഴി യാഥാര്‍ഥത്തില്‍ ഭൂമാഫിയയ്ക്കും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ആയിരിക്കും കൂടുതല്‍ സൗകര്യം.
ചുരുക്കത്തില്‍ ക്ഷേമപദ്ധതി നടപ്പാക്കാന്‍ പോകുന്നില്ലെന്നും സ്വകാര്യ വത്കരണവും മാത്രമേ നടക്കുകയൊള്ളൂവെന്നും പറഞ്ഞുവെക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് കെ രാജൻ പറഞ്ഞു. സ്വകാര്യവത്കരണമാണ് യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര എന്ന് ഏറ്റവും വേഗത്തിൽ പ്രഖ്യാപിച്ചതാണ് ഇന്നത്തെ ബജറ്റെന്നും അദേഹം വ്യക്തമാക്കി.










0 comments