print edition സിജെപി പ്രവർത്തകന്റെ പിതാവിന്റെ കൊലപാതകം: കുറ്റക്കാരെ ഉടൻ പിടികൂടണം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവാവിന്റെ പിതാവിനെ പശ്‌ചിമബംഗാളിൽ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു. ബാങ്കുറ ജില്ലയിലെ ഷെയ്‌ഖ് മുഹമ്മദ് മാഫിക്കിനെ നിഷ്‌ഠുരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
മാഫിഖിന്റെ മകൻ ഷെയ്‌ഖ് അബ്‌ദുൾ ഹാഫിസ് ജന്തർമന്തർ പ്രക്ഷോഭത്തിൽ സജീവമായിരുന്നു. തന്റെ ഗ്രാമത്തിലെ സ്‌കൂളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ അച്ഛനും മകനും ഒന്നിച്ച് നടത്തിയ പരിശ്രമങ്ങളാണ് മാഫിഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
മാഫിഖിന്റെ കൊലപാതകം ഒരു കുടുംബത്തെ നിശ്ശബ്‌ദരാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ചെയ്‌തതല്ല; മറിച്ച്, രാജ്യത്തെ മുഴുവൻ വിദ്യാർഥി പ്രസ്ഥാനത്തെയും യുവാക്കളെയും ഭയപ്പെടുത്താനും വരുതിയിൽ നിർത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ജനാധിപത്യരാജ്യത്ത് ആരും കൊല ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
ക്രൂരമായ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അക്രമികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ പശ്‌ചിമബംഗാൾ സംസ്ഥാന സെക്രട്ടറി ദേബാഞ്‌ജൻ ദേയുടെ നേതൃത്വത്തിലുള്ള സംഘം മുഹമദ് മാഫിഖിന്റെ വീട് സന്ദർശിച്ചു.










0 comments