ad
Deshabhimani

31ന്‌ അപകടരഹിത ദിനം; യുഎഇയിൽ 4 ബ്ലാക്ക് പോയിന്റ് ഒഴിവാക്കാം

dubai road
വെബ് ഡെസ്ക്

Published on Aug 22, 2026, 07:53 PM | 1 min read

ദുബായ് : യുഎഇയിൽ ഗതാഗത നിയമലംഘനങ്ങളുടെ ഭാഗമായി ലഭിച്ച ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫെഡറൽ ട്രാഫിക് കൗൺസിലും രാജ്യത്തെ വിവിധ പൊലീസ് സേനകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘അപകടരഹിത ദിനം’ പദ്ധതിയുടെ ഭാഗമായാണ്‌ സ‍ൗകര്യം. നിയമലംഘനങ്ങളൊന്നും നടത്താതെ 31ന് വാഹനം ഓടിക്കുന്നവർക്കാണ്‌ ഡ്രൈവിങ് രേഖകളിൽനിന്ന് നാല്‌ ബ്ലാക്ക് പോയിന്റ്‌ ഒഴിവാക്കുക.


പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിവസമായ 31ന്‌ ആണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം റോഡിൽ ക്ഷമയും ഉത്തരവാദിത്വവും സഹകരണവും വളർത്തുകയാണ് ലക്ഷ്യം. നാല് ബ്ലാക്ക് പോയിന്റ് ഒഴിവാക്കാനായി വാഹനമോടിക്കുന്നവർ 17ന് രാവിലെ 10 മുതൽ ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്‌ത്‌ ഓൺലൈൻ പ്രതിജ്ഞ എടുക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ.


യാത്ര ആരംഭിക്കുംമുമ്പ് വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക, വേഗപരിധി പാലിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശ്രദ്ധതിരിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുക, റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ക്യാമ്പയിന്റെ നിർദേശങ്ങളും ഗതാഗത നിയമങ്ങളും പാലിക്കുന്ന ഡ്രൈവർമാർക്കാണ് നാല് ബ്ലാക്ക് പോയിന്റ് ഒഴിവാക്കാൻ അർഹത ലഭിക്കുക.


അധ്യയനവർഷാരംഭത്തോടെ റോഡുകളിലും സ്കൂളുകൾക്ക് സമീപവും ഗതാഗതത്തിരക്ക് വർധിക്കുന്നതിനാൽ ഡ്രൈവർമാരും രക്ഷിതാക്കളും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക-്‌ടറും ക്യാമ്പയിൻ മേധാവിയുമായ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ‘അപകടരഹിത ദിനം’ ഒരുദിവസത്തെ മാത്രം പ്രവർത്തനമായി ചുരുങ്ങാതെ സുരക്ഷിതമായ ഡ്രൈവിങ് ശീലം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home