ലൈംഗിക പീഡന കേസ്: നാഗാലാൻഡിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

റെനി വിൽഫ്രെഡ് ഐഎഎസ്
കൊഹിമ: ലൈംഗിക പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് നാഗാലാൻഡിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് നാഗാലാൻഡിന്റെ (ഐഡിഎഎൻ) ജോയിന്റ് സെക്രട്ടറി റെനി വിൽഫ്രെഡിനെയാണ് നാഗാലാൻഡ് സർക്കാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഉദ്യോഗസ്ഥനാണ്.
റെനി വിൽഫ്രെഡിനെതിരെ ഐഡിഎഎൻ ജീവനക്കാർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ ഏപ്രിലിൽ നാഗാലാൻഡ് പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ഐഡിഎഎൻ സ്ഥാനത്തുനിന്ന് മാറ്റി.
എന്നാൽ നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ, നാഗ മദേഴ്‌സ് അസോസിയേഷൻ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ റെനി വിൽഫ്രഡിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച നാഗാലാൻഡ് ചീഫ് സെക്രട്ടറി ജെ ആലം ഐഎഎസ് ആണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏപ്രിൽ 4ന് നാഗാലാൻഡ് പൊലീസ് റെനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ആറിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. റെനി നിരവധി വ്യക്തികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണമുണ്ട്. നാഗാലാൻഡ് സംസ്ഥാന വനിതാ കമ്മീഷൻ (NSWC) അതിജീവിതരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. പിന്നീട് മൊഴികൾ പോലീസിന് കൈമാറി.
ഐഡാൻ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നാഗാലാൻഡ് പോലീസ് റെനി വിൽഫ്രഡ്ക്കെതിരെ കേസെടുത്തതിരുന്നു. എന്നാൽ ഇത് 2016-2017 ൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചില്ല എന്ന കാരണത്താൽ തന്നെ ലക്ഷ്യം വച്ചതാണെന്നായിരുന്നു റെനിയുടെ പ്രതികരണം.
2020–21 ൽ നോക്ലാക്ക് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക നേരെയുണ്ടായ അതിക്രമത്തിൽ റെനി വിൽഫ്രഡിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ ലഭിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. 2023 ജൂണിൽ വീണ്ടും സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിർച്വലായി റെനിയോട് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
അതിജീവിതരുടെ മൊഴികളുടെയും ഖിയാംനിയുങ്കൻ ട്രൈബൽ കൗൺസിൽ (കെടിസി) സമർപ്പിച്ച റിപ്പോർട്ടിന്റെയും വിശ്വാസ്യത തകർക്കാൻ ശ്രമിച്ചതിനും ഉദ്യോഗസ്ഥനെതിരെ കേസുണ്ട്.








0 comments