മാധ്യമപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; ഡല്‍ഹി എസിപിയുടെ സ്ഥാനക്കയറ്റം മരവിപ്പിച്ചു, മറ്റ് നടപടികളില്ല

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം മരവിപ്പിച്ചു. ലൈംഗികാതിക്രമം നേരിട്ട മാധ്യമപ്രവർത്തക ജയിലിലായതിൽ വിവാദം കത്തിപടരുന്ന സാഹചര്യത്തിലാണ് സ്ഥാനക്കയറ്റം മരവിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ തടിതപ്പൽ. ഇന്നലെ രാത്രി ഇറങ്ങിയ പ്രൊമോഷൻ ഉത്തരവാണ് അടിയന്തിരമായി മരവിപ്പിച്ചത്.
മാധ്യമപ്രവർത്തകയെ തടങ്കലിൽ കഴിയുമ്പോൾ അസിസ്റ്റന്റ് കമീഷണർ വിവേക് ഭഗത്തിന് അഡീഷണൽ ഡിസിപിയായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ഇതിനെതിരെ വലിയ രീതിയുള്ള വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിക്കൽ ഉണ്ടായത്. അന്വേഷണം തീരും വരെ ഉത്തരവ് മരവിപ്പിക്കണമെന്ന് വിവേക് ഭഗത്ത് ആവശ്യപ്പെട്ടെന്നാണ് ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ ന്യായീകരണം.
വിവേക് ഭഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകയോടൊപ്പം പ്രതിഷേധിച്ച 17 സ്വതന്ത്ര മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. വിവേക് ഭഗത്തിനെതിരെ വാർത്താസമ്മേളനം വിളിച്ചതിന് മണിക്കൂറുകൾക്ക് മുമ്പ് തിങ്കൾ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. രാത്രി വൈകി വിട്ടയച്ചു. ശനി, ഞായർ ദിവസങ്ങളിൽ പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയവരെയാണ് തടവിലാക്കിയത്.









0 comments