Deshabhimani

പെരിയ ദിനേശ്‌ ബീഡി ബ്രാഞ്ചും ഓർമയിലേക്ക്‌

പ്രവര്‍ത്തനം അവസാനിപ്പിച്ച പെരിയ ദിനേശ് ബീഡി ബ്രാഞ്ചില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ 
നിലവിലെ മേസ്തിരി എം കൃഷ്ണനൊപ്പം

പ്രവര്‍ത്തനം അവസാനിപ്പിച്ച പെരിയ ദിനേശ് ബീഡി ബ്രാഞ്ചില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ 
നിലവിലെ മേസ്തിരി എം കൃഷ്ണനൊപ്പം

വെബ് ഡെസ്ക്

Published on Oct 06, 2026, 09:30 AM | 1 min read

പെരിയ

നാലരപതിറ്റാണ്ടുകാലത്തെ തൊഴിലാളികൂട്ടായ്മയുടെ ചരിത്രം അവശേഷിപ്പിച്ചുകൊണ്ട് ദിനേശ് ബീഡി പെരിയ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രദേശത്ത് സംഘടിത തൊഴിലാളി വര്‍ഗത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച ബ്രാഞ്ചാണ് ഓര്‍മയാകുന്നത്. കേവലം ഒരു തൊഴില്‍ സ്ഥാപനം എന്നതിലുപരി നാടിന്റെ രാഷ്ട്രീയ, സാമൂഹ്യ ചലനങ്ങള്‍ക്കുള്ള കരൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ പെരിയയിലെ ദിനേശ് ബീഡി പ്രസ്ഥാനത്തിന് സാധിച്ചു. സംഭവബഹുലമായ ഇന്നലെകള്‍ക്ക് പെരിയയുടെ ചരിത്രത്തിലിടം നല്‍കിയെന്ന ദൗത്യം പൂര്‍ത്തിയാക്കിയാണ് ഈ വിടവാങ്ങല്‍. നിലവിലുണ്ടായിരുന്ന ദിനേശ് ബീഡി തൊഴിലാളികളായ നാല് സ്ത്രീകളെ പുല്ലൂര്‍ ബ്രാഞ്ചിലേക്ക് മാറ്റിയതോടെയാണ് പെരിയ ബ്രാഞ്ചിന്റെ പ്രവര്‍ത്തനത്തിന് തിരശീല വീണത്.

കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘത്തിന്റെ കീഴില്‍ 1981 ജനുവരി 15ന് പെരിയ ബസാറില്‍ പരേതനായ ഇസ്ഹാക്കിന്റെ വീടിന്റെ വരാന്തയോട് ചേര്‍ന്നുള്ള ഷെഡിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1994ല്‍ ബ്രാഞ്ചിന് ഇവിടെ 14 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബീഡി തൊഴിലാളി ഫെഡറേഷന്‍ ജില്ലാകമ്മിറ്റിയംഗവുമായിരുന്ന പി നാരായണി ഇവിടെ ബീഡി തൊഴിലാളിയായി ജോലിചെയ്തിരുന്നു. തുടക്കത്തില്‍ പെരിയ ബ്രാഞ്ചിന് കീഴില്‍ 35 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ പെരിയ ബ്രാഞ്ചിന് കീഴിലെ തൊഴിലാളികളായിരുന്ന കെ ശോഭ, കെ വി അംബിക, ടി ലക്ഷ്മി, കെ നാരായണി എന്നിവരെയാണ് പുല്ലൂര്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. എം കുഞ്ഞന്പു കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘം പ്രസിഡന്റായിരുന്ന കാലത്ത് ദിനേശ് ബീഡി ബ്രാഞ്ചിനോടനുബന്ധിച്ച് മെഡിസിറ്റിയുടെ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു.

എന്നാല്‍ ഡോക്ടര്‍മാരുടെയും രോഗികളുടെയും അഭാവം കാരണം മെഡിസിറ്റിയുടെ പ്രവര്‍ത്തനം പിന്നീട് നിലച്ചു. കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡംഗം എം കൃഷ്ണനാണ് നിലവില്‍ പെരിയ ബ്രാഞ്ചിലെ മേസ്തിരി ചുമതലയുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home