വിവാഹത്തെച്ചൊല്ലി തർക്കം
ഇൻഡോറിൽ എംബിഎ വിദ്യാർഥിയെ സുഹൃത്ത് കൊന്നു; ശേഷം ആത്മാവിനെ വിളിച്ചുവരുത്താൻ മന്ത്രവാദം

പിയൂഷ് ധാംനോദി
ഇൻഡോർ: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇൻഡോറിൽ 24 കാരിയായ എംബിഎ വിദ്യാർഥിനിയെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇൻഡോറിലെ ദ്വാരകാപുരി പ്രദേശത്താണ് സംഭവം. ജനുവരി 13-ന് വാടക ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ പിയൂഷ് ധാംനോദിയയെ മുംബൈയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം യുവതിയുടെ ആത്മാവിനെ തിരികെ വിളിക്കാൻ പ്രതി മന്ത്രവാദ ചടങ്ങുകൾ നടത്തിയെന്നന്നും പൊലീസ് പറഞ്ഞു.
പിയൂഷും കൊല്ലപ്പെട്ട യുവതിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ഫെബ്രുവരി 11-ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. സംഭവദിവസം വാടക ഫ്ലാറ്റിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വിവാഹത്തെച്ചൊല്ലി വീണ്ടും തർക്കമുണ്ടായി. പ്രകോപിതനായ പിയൂഷ് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ ഫോൺ കൈക്കലാക്കിയ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്നു. പൻവേലിലെ ഒരു ഹോട്ടലിൽ താമസിച്ച് യുവതിയുടെ ആത്മാവിനെ തിരികെ വിളിക്കാൻ മന്ത്രവാദം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
മൊബൈൽ ആപ്പുകൾ വഴി യുവതി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നു എന്ന സംശയവും പിയൂഷിന് ഉണ്ടായിരുന്നു. ഇത് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കൃഷ്ണലാൽചന്ദാനി അറിയിച്ചു. അതേസമയം, തന്റെ മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിയൂഷ് അവളെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും, അയാളുടെ കോളേജ് ഫീസ് അടയ്ക്കാൻ മകളെ നിർബന്ധിച്ചിരുന്നതായും യുവതിയുടെ പിതാവ് ആരോപിച്ചു. ഡിജിറ്റൽ തെളിവുകളുടെയും ഫോറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










0 comments