കനത്ത ചൂട്: മധുരയിലെ തെങ്കൽ കൺമോയി ജലസേചന ടാങ്ക് വറ്റിവരണ്ടു

മധുര: കനത്ത ചൂടിൽ പൂർണമായും വറ്റിവരണ്ട് തമിഴ്‌നാട്ടിലെ 'തെങ്കൽ കൺമോയി' ജലസേചന ശ്രോതസ്. മധുര ജില്ലയിലെ തിരുപ്പറൻകുന്ദ്രം പ്രദേശത്തെ പ്രധാന ജല ശ്രോതസാണ് തെങ്കൽ കൺമോയി. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായും പ്രദേശത്തെ നിരവധി ജനങ്ങൾ ആശ്രയിക്കുന്ന ടാങ്കാണിത്. വരൾച്ച കടുത്തതോടെ കർഷകരും പ്രദേശവാസികളും കനത്ത ആശങ്കയിലാണ്.
377 ഏക്കർ വിസ്തൃതിയുള്ള തെങ്കൽ കൺമോയി മധുരയിലെ പ്രധാന ജലാശയങ്ങളിൽ ഒന്നാണ്. ഇതിന് 107 ദശലക്ഷം ഘനയടി സംഭരണശേഷിയുണ്ട്. വൈഗൈ അണക്കെട്ടിൽ നിന്ന് നിലൈയൂർ കനാൽ വഴി തുറന്നുവിടുന്ന ജലമാണ് ഇവിടെ സംഭരിക്കുന്നത്. ടാങ്ക് വറ്റിവരണ്ടതോടെ പ്രദേശത്തെ കൃഷി പ്രവർത്തനങ്ങളെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കാർഷിക പ്രവർത്തനങ്ങൾ സ്തംഭിച്ചു. പ്രദേശവാസികൾ കടുത്ത ജലക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്.
ടാങ്ക് വൃത്തിയാക്കാനും ആഴം കൂട്ടാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശത്തെ കർഷകരും താമസക്കാരും അധികാരികളോട് അഭ്യർഥിച്ചു.











0 comments