Deshabhimani

ശരീരമാകെ പാടുകൾ; എസ്എഫ്ഐ നേതാവ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം

Nadia SFI

നാദിയ | Screengrab

വെബ് ഡെസ്ക്

Published on Oct 10, 2026, 11:03 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെയും ഇടതുപക്ഷ സംഘടനകളുടെയും സമരത്തെ ഡൽഹി പൊലീസ് നേരിട്ടത് അതിക്രൂരമായി. പെൺകുട്ടികളടക്കമുള്ള പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തും മർദിച്ചു.


ജന്തർമന്തറിൽ എത്തുംമുൻപേ എസ്എഫ്ഐ നേതാക്കളെ സുർജിത് ഭവന് മുന്നിൽനിന്നും അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ജയിലറയ്ക്ക് സമാനമായ വാഹനത്തിലാണ് നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കയറ്റിയത്. വാഹനത്തിനുള്ളിൽവെച്ചും പൊലീസ് വിദ്യാർഥിനേതാക്കളെ മർദിച്ചു. എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് നാദിയ ഉൾപ്പെടെയുള്ളവർ പൊലീസിന്റെ ആക്രമണത്തിനിരയായി. പൊലീസ് മർദനത്തിൽ നാദിയയുടെ ശരീരമാസകലം പാടുകളാണ്. ആറ് വനിതാ പൊലീസുകാരാണ് തന്നെ വാഹനത്തിൽവെച്ച് മർദിച്ചതെന്ന് നാദിയ പറഞ്ഞു.





അടിയന്തരാവസ്ഥയിൽ പോലും കാണാത്ത അതിക്രൂര നടപടികളാണ് കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് പ്രക്ഷോഭകർക്കുനേരെ പൊലീസും സുരക്ഷാസേനകളും അഴിച്ചുവിട്ടത്. പ്രായമായവരെ പോലും റോഡിലൂടെ വലിച്ചിഴച്ചു. പിണറായി വിജയൻ, എം എ ബേബി തുടങ്ങിയ നേതാക്കളെ കസ്‌റ്റഡിയിലെടുത്ത്‌ മണിക്കൂറുകളോളം പൊലീസ്‌ വാഹനങ്ങളിൽ നഗരത്തിലൂടെ കറക്കി. വിവിധ സ്‌റ്റേഡിയങ്ങളിലും പൊലീസ്‌ സ്‌റ്റേഷനുകളിലുമായി ഇവരെ എട്ടു മണിക്കൂർ വരെ കസ്‌റ്റഡിയിൽ വെച്ചു. ചിലരെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല.


ജന്തർമന്തറിൽ റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ്‌ കൈയേറ്റം ചെയ്യുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. യൂട്യൂബർമാർ, വ്ലോഗർമാർ എന്നിവർക്കും സമാന ദുരനുഭവങ്ങളുണ്ടായി. പ്രതിഷേധത്തിൽ പങ്കെടുത്ത സുപ്ര‍ീംകോടതി അഭിഭാഷകരെയും കസ്‌റ്റഡിയിലെടുത്തു.


നാലായിരം വനിതകൾ ഉൾപ്പെടെ 15000 സുരക്ഷാ ഭടന്മാരെ ജന്തർമന്തറിലും പരിസരത്തും നിയോഗിച്ചിരുന്നു. ഇവരെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ സംഘപരിവാർ ക്രിമിനലുകളെയും വ്യപകമായി കൊണ്ടിറക്കി. നെയിംബോർഡ്‌ ഇല്ലാതെയും യൂണിഫോം ഇല്ലാതെയുമാണ്‌ പൊലീസും കേന്ദ്ര സേനാംഗങ്ങളും മറ്റും പ്രക്ഷോഭകരെ തടഞ്ഞത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home