ഡൽഹി മെട്രോ നിയന്ത്രണത്തിൽ കോടതിയലക്ഷ്യ ഹർജി; സുപ്രീംകോടതിയിൽ ഞായറാഴ്ച പ്രത്യേക സിറ്റിങ്

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തും. പ്രതിഷേധത്തിന് മുന്നോടിയായി പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും പ്രതിഷേധക്കാരെ കരുതൽ തടങ്കലിൽ വെച്ച നടപടിയും ചോദ്യം ചെയ്തുള്ള ഹർജികളാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഡൽഹിയിൽ ഇടതു വിദ്യാർഥി സംഘടനകളുടെയും സിജെപിയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
ഒക്ടോബർ 9ന് വെള്ളിയാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിക്കുന്നതിലൊന്ന്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ചെയർപേഴ്സൺ ഡി താര എന്നിവർക്കെതിരെയാണ് ഹർജിയിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാക്കളെയടക്കം കരുതൽ തടങ്കലിൽ വെച്ച നടപടിയെ ചോദ്യം ചെയ്തുള്ള ഹേബിയസ് കോർപ്പസ് ഹർജിയും കോടതി പരിഗണിക്കും. തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകയുമായ മേനക ഗുരുസ്വാമിയാണ് ഈ ഹർജി സമർപ്പിച്ചത്. നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ തടങ്കലിൽ വെച്ച നടപടിയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശം തടയാൻ കരുതൽ തടങ്കൽ ഉപയോഗിക്കാനാവില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ തെരുവുകളിൽ നിന്നും പ്രതിപക്ഷ നേതാക്കളെ വീടുകളിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഒക്ടോബർ 10ന് പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ചില ട്രെയിൻ സർവീസുകൾ നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ ഒക്ടോബർ 9ന് സുപ്രീംകോടതി ഇടപെട്ടിരുന്നു.
പൊതുഗതാഗതം പൂർണമായി തടയരുതെന്നും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രിത രീതിയിൽ സർവീസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും, ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ അറിയിക്കണമെന്നും നിർദേശിച്ചികുന്നു. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 45 ആയി കുറച്ചിരുന്നു.
എന്നാൽ, കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും നിയന്ത്രണങ്ങൾ തുടർന്നുവെന്നും പൊതുജനങ്ങൾക്ക് വലിയ യാത്രാദുരിതമുണ്ടായെന്നും ആരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ പ്രത്യേക സിറ്റിങ്ങിൽ ഹർജികൾ പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടികൾ വ്യക്തമാകുക.








0 comments