മണിപ്പൂരിൽ കലാപം പടർന്നപ്പോൾ, പെൺകുട്ടികൾ അക്രമിക്കപ്പെട്ടപ്പോൾ എവിടെയായിരുന്നു ഈ പൊലീസ് സന്നാഹം? ജന്തർ മന്തറിൽ ഉയരുന്ന ചോദ്യങ്ങൾ


ഹർഷിദ ബത്താലി
Published on Oct 10, 2026, 10:28 PM | 2 min read
ന്യൂഡൽഹി: ജനാധിപത്യസംരക്ഷണത്തിനായുള്ള പ്രതിഷേധം തടയാൻ ഡൽഹിയിൽ പതിനായിരക്കണക്കിന് പൊലീസുകാരെയും അർധസൈനികരെയും വിന്യസിക്കുമ്പോൾ, നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മണിപ്പൂരിൽ കലാപം പടർന്നപ്പോൾ, ഈ രാജ്യത്തെ പെൺകുട്ടികൾ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടപ്പോൾ, പാവങ്ങളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയപ്പോൾ എവിടെയായിരുന്നു ഈ പൊലീസും സന്നാഹങ്ങളും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തടയാൻ മോദി സർക്കാർ പടയൊരുക്കം നടത്തുന്നതിനിടയിലാണ് ഈ ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്.
മണിപ്പൂരിൽ 2023 മേയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ വീടുകൾ കത്തിയമർന്നു. നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ജീവിതങ്ങളാണ് തെരുവിൽ എറിയപ്പെട്ടത്. നിരവധി സ്ത്രീകളാണ് മാനഭംഗം ചെയ്യപ്പെട്ടത്. വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവർ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, എന്നിങ്ങനെ മണിപ്പൂരിന്റെ ദുരിതം ഇന്നും രാജ്യത്തിന്റെ മുന്നിൽ വലിയൊരു മുറിവായി അവശേഷിക്കുന്നു. സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രാജ്യം നടുങ്ങി. അന്ന് രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ആ സംഭവങ്ങൾ തടയാൻ സർക്കാർ എന്താണ് ചെയ്തത്? ഇന്നും സംഘർഷഭരിതമാണ് മണിപ്പൂർ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും, ഓരോ സംഭവത്തിനുശേഷവും സുരക്ഷയെക്കുറിച്ചും നീതിയെക്കുറിച്ചും അതേ ചോദ്യങ്ങൾ ഉയരുന്നു. ഡൽഹിയിലായാലും പശ്ചിമ ബംഗാളിലായാലും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വാർത്തകളിൽ നിറയുമ്പോൾ ഈ ഭരണകൂടം എന്ത് ചെയ്തു? അന്നൊന്നും ഇല്ലാത്ത ഈ ആവേശവും നടപടിക്രമങ്ങളും എന്ത്കൊണ്ടാണ് ഇപ്പോൾ? അതും ഒരു സമാധാനപരമായ സമരത്തിനുനേരെ.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ വാർത്തകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും തുടർച്ചയായി പുറത്തുവരുന്നു. ഭരിക്കുന്ന പാർടിയിൽതന്നെയുണ്ട് കഴുകന്മാർ. ബിജെപി മുൻ എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവം രാജ്യം മറന്നിട്ടില്ല. ഡൽഹിയിൽ പൊലീസുകാരാണെന്ന് നടിച്ച് എത്തിയവർ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന വാർത്ത പുറത്തുവന്നിട്ട് അധികനാളായിട്ടില്ല. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി സെപ്തംബറിൽ മാത്രം കുറഞ്ഞത് 13 ബലാത്സംഗ, ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് വാർത്തകൾ.
വീടിനകത്തും പുറത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തുടർക്കഥയാണ്. ഓരോ സംഭവവും പുറത്തുവരുമ്പോൾ പ്രതിഷേധങ്ങളുണ്ടാകുന്നു, അന്വേഷണങ്ങൾ പ്രഖ്യാപിക്കപ്പെടുന്നു, അതിനപ്പുറത്തേക്ക് ഒന്നുമില്ല. അടുത്ത സംഭവം വീണ്ടും വാർത്തയാകുന്നു.
ഈ സാഹചര്യത്തിലാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഒരുക്കിയ വൻ സുരക്ഷാസന്നാഹം ചോദ്യങ്ങൾക്ക് വഴിവെക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ ആയിരക്കണക്കിന് പൊലീസുകാരെയും അർധസൈനികരെയും വിന്യസിക്കാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഭരണകൂടത്തിന് കഴിയുന്നു. സ്ത്രീകളെ വലിച്ചിഴക്കാനും മർദിക്കാനും അവർക്ക് മടിയില്ല. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിലും അവർക്ക് നീതി ഉറപ്പാക്കുന്നതിലും പരാജിതരാണ് ഈ ഭരണകൂടം.
യഥാർത്ഥത്തിൽ സുരക്ഷ ആവശ്യമായിടത്ത് കൈയൊഴിയുകയും, ജനങ്ങളുടെ മൗലികാവകാശങ്ങളെ അടിച്ചമർത്താൻ മാത്രം സർവസന്നാഹവുമായി ഇറങ്ങുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ മുൻഗണനകൾ തന്നെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്.








0 comments