മോർഫിങ് പരാതി: എബിവിപി നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

അച്യുത്
പുനലൂർ: അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെയും അശ്ലീല വെബ്‌സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച സംഭവത്തിൽ എബിവിപി നേതാവിന് പൊലീസ് സംരക്ഷണം തുടരുന്നു. പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുനലൂർ ഗവ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥിയും എബിവിപി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ പുന്നല രോഹിണിയിൽ എസ് അച്യുത് (23)നെ അറസ്റ്റ് ചെയ്തിട്ടില്ല. അച്യുതിനെ ശനിയാഴ്ച ചോദ്യംചെയ്തെങ്കിലും മറ്റൊരു ദിവസം ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.
സംഭവത്തെതുടർന്ന് ഒളിവിലായിരുന്ന ഇയാൾ വെള്ളി പകൽ 1.30ന് പ്രാദേശിക കോൺഗ്രസ് നേതാവിനൊപ്പം പുനലൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കോൺഗ്രസിന്റെ മുൻ ജനപ്രതിനിധിയും ഐഎൻടിയുസി നേതാവുമായ ഉല്ലാസിനൊപ്പമാണ് സ്റ്റേഷനിൽ എത്തിയത്.
കോളേജ് അധികൃതരടക്കം നൽകിയ പരാതിയിലാണ് പൊലീസിന്റെ ഒളിച്ചുകളി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് മോർഫിങ്ങിന് ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച ടെലഗ്രാം അക്കൗണ്ടും പൊലീസ് കണ്ടെത്തി. മോർഫ് ചെയ്ത ചിത്രങ്ങൾ കുറെ ഡിലീറ്റ് ചെയ്തതായും വിദ്യാർഥി സമ്മതിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോൺ കോടതി അനുമതിയോടെ വിശദ പരിശോധനയ്‌ക്കായി സൈബർ സെല്ലിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സിഐ പ്രദീപ് പറഞ്ഞു. എന്നാൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്താൻ തയ്യാറായില്ല. വൈകിട്ട് നാലോടെ പ്രതിയെ വിട്ടു.
എബിവിപി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റായ അച്യുതിനെ സംഭവത്തെതുടർന്ന് കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. ചൊവ്വാഴ്‌ചയാണ് കോളേജിലെ വിദ്യാർഥിനികളും അധ്യാപികമാരും പരാതി നൽകിയത്. പ്രിൻസിപ്പലിന്റെയും മറ്റ് അധ്യാപകരുടെയും വിദ്യാർഥിയുടെ രക്ഷാകർത്താക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ആദ്യം അനിശ്‌ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്‌തെങ്കിലും എസ്‌എഫ്‌ഐ പ്രതിഷേധത്തെതുടർന്ന് പിന്നീട് പുറത്താക്കുകയായിരുന്നു.








0 comments