print edition രേവന്ത് റെഡ്ഡിക്കെതിരെ വിമർശം ശക്തം; ഹിറ്റ്‌ലർസ്തുതി തള്ളാതെ കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
ന്യൂഡൽഹി: ഹിറ്റ്‌ലറെ പ്രകീർത്തിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശം. ഹൈദരാബാദിലെ ‘കൈയ്യേറ്റവിരുദ്ധ’ സേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിക്ക് ‘ഹൈഡ്ര’ എന്നു പേരിട്ടത് ഹിറ്റ്‌ലറിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണെന്ന് രേവന്ത്‌റെഡ്ഡി വെളിപ്പെടുത്തിയിരുന്നു.
‘ഹിറ്റ്‌ലർക്ക് ഹൈഡ്ര എന്ന പേരിനോട് ഭയങ്കര ഇഷ്ടമുണ്ടായിരുന്നു. ഹിറ്റ്‌ലറുടെ പ്രധാന ടീമിന്റെ പേരും ഹൈഡ്ര എന്നായിരുന്നു. ആരെയും വകവരുത്താനുള്ള അധികാരം ഇൗ ടീമിനുണ്ടായിരുന്നു. ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ ഹൈഡ്ര ടീമും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്’– എന്നാണ് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ രേവന്ത്‌റെഡ്ഡി പറഞ്ഞത്.
കോൺഗ്രസോ രാഹുൽഗാന്ധിയോ റെഡ്ഡിയുടെ പരാമർശത്തെ തള്ളിപ്പറഞ്ഞിട്ടില്ല. എബിവിപി നേതാവായിരുന്ന രേവന്ത് റെഡ്ഡി ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള ആരാധന പലവേദികളിലും പ്രകടിപ്പിച്ചിട്ടുണ്ട്. 2024 മാർച്ചിൽ അദിലാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കവേ മോദിയുടെ ഗുജറാത്ത് മോഡലിനെ രേവന്ത് റെഡ്ഡി മുക്തകണ്‌ഠം പ്രശംസിച്ചു. മോദി തന്റെ പെഡണ്ണ (വല്യേട്ടൻ) ആണെന്നും രേവന്ത്‌റെഡ്ഡി പറഞ്ഞു.
പശ്ചിമബംഗാളിലെ സുവേന്ദു അധികാരിയെപ്പോലെ രേവന്ത് റെഡ്ഡിയും ഉടൻ മോദിക്കൊപ്പം ചേരുമെന്ന് ബിജെപി എംപി ധർമപുരി അരവിന്ദ് പറഞ്ഞു. ആർഎസ്‌എസും ഹിറ്റ്‌ലറുടെ നാസിപാർടിയും തമ്മിലുള്ള ബന്ധം ചരിത്രത്തിലുണ്ട്. ഗോൾവാൾക്കറും സവർക്കറും ഉൾപ്പടെയുള്ളവർ ഹിറ്റ്‌ലറെ നിരവധി അവസരങ്ങളിൽ പ്രകീർത്തിച്ചിട്ടുണ്ട്. രേവന്ത്‌റെഡ്ഡിയുടെ സ്‌തുതിക്ക് പിന്നിലുള്ള അജൻഡയും സമാനമാണെന്നാണ് ആക്ഷേപം.










0 comments