പൂണെയിൽ ഹോട്ടൽ ലിഫ്റ്റിൽ ഒന്നരമണിക്കൂറോളം കുടുങ്ങിയ ഏഴുവയസ്സുകാരന് ദാരുണാന്ത്യം

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ ഫ്ലാറ്റിലെ ലിഫ്റ്റിൽ ഒന്നരമണിക്കൂറോളം കുടുങ്ങിക്കിടന്ന ഏഴുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. പൂണെ സിൻഹഗഡ് റോഡിലെ നിംബാജിനഗറിലുള്ള ഋദ്ധി സിദ്ധി അപ്പാർട്ട്മെന്റിലാണ് സംഭവം. ശൈലേഷ് ധൂതിന്റെ മകൻ ശിവാൻഷ് ശൈലേഷ് ധൂത് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഫ്ലാറ്റിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിവാൻഷ്. ഇതിനിടയിലാണ് കുട്ടി ലിഫ്റ്റിൽ കയറി ബട്ടൺ പ്രസ്സ് ചെയ്തത്. ലിഫ്റ്റ് മുകളിലേക്ക് ചലിച്ചെങ്കിലും രണ്ടാം നിലയിൽ എത്തുന്നതിന് മുൻപ് വഴിയിൽ വെച്ച് പെട്ടെന്ന് പ്രവർത്തനം നിലച്ച് കുടുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാരും ഫ്ലാറ്റിലെ മറ്റ് താമസക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റ് കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നിയത്.
തുടർന്ന് രാത്രി 11.30 ഓടെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ലിഫ്റ്റ് തുറന്ന് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. അടച്ചിട്ട ഇടുങ്ങിയ സ്ഥലത്ത് ദീർഘനേരം കുടുങ്ങിക്കിടന്നതിനെ തുടർന്നുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലിഫ്റ്റിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സൊസൈറ്റിയുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിൻഹഗഡ് റോഡ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments