മലിനമായ ഭക്ഷണവും വെള്ളവും, മഞ്ഞപ്പിത്തം പടർന്നു; മധ്യപ്രദേശിൽ സർവകലാശാല അടിച്ചുപൊളിച്ച് വിദ്യാർഥികൾ, വാഹനങ്ങൾക്ക് തീയിട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോറിലെ വിഐടി സർവകലാശാലയിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. സർവകലാശാലയിൽ മോശം ഭക്ഷണവും മലിനമായ വെള്ളവും കാരണമാണ് മഞ്ഞപ്പിത്തം പടർന്നതെന്നായിരുന്നു ആരോപണം. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. വിദ്യാർഥികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കാമ്പസ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
വാഹനങ്ങൾ കത്തിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള പരാതികൾ സർവകലാശാല അവഗണിച്ചതായി വിദ്യാർഥികൾ പറഞ്ഞു. നിരവധിപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ കാമ്പസിൽ മഞ്ഞപ്പിത്തം ബാധിച്ച് കുറഞ്ഞത് മൂന്ന് വിദ്യാർഥികളെങ്കിലും മരിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനാൽ നിരവധി ദിവസത്തേക്ക് സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിതരായതായി നിരവധി വിദ്യാർത്ഥികൾ ആരോപിച്ചു.
പരാതി ഉന്നയിച്ചപ്പോൾ ഹോസ്റ്റൽ വാർഡൻമാരും സുരക്ഷാ ജീവനക്കാരും തങ്ങളെ മർദ്ദിക്കുകയും നിശ്ശബ്ദരാക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായതെന്ന് വിദ്യാർഥികൾ പറയുന്നു. യൂണിവേഴ്സിറ്റി അധികൃതരുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്നു,. പ്രശ്നങ്ങളും പരാതികളും പരിഹരിക്കപ്പെടാതായപ്പോഴാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്നും അവർ പറയുന്നു.
ഏകദേശം 4,000 വിദ്യാർഥികളാണ് പ്രതിഷേധത്തിനായി ഇറങ്ങിയത്. ഒരു ബസ്, ഒരു മോട്ടോർ സൈക്കിൾ, ഒരു ആംബുലൻസ് എന്നിവയ്ക്ക് തീയിട്ടു. ഹോസ്റ്റൽ ജനൽച്ചില്ലുകൾ, ആർ ഒ പ്ലാന്റ് തുടങ്ങി നിരവധി ക്യാമ്പസ് സൗകര്യങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് നവംബർ 30 വരെ യൂണിവേഴ്സിറ്റി അവധി പ്രഖ്യാപിച്ചു.









0 comments