"നീതിന്യായ വ്യവസ്ഥയിലെ അഴിമതി" എൻസിഇആർടി പാഠപുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി

എട്ടാം ക്ലാസിലെ എൻസിഇആർടി സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഉൾപ്പെടുത്തിയതിൽ അസംതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി,വിപുൽ എം പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിശോധിച്ചത്. എൻസിഇആര്‍ടി നടപടിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി സ്വമേധയാ കേസ് എടുത്തു.
ഈ സ്ഥാപനത്തെയും നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. എട്ടാം ക്ലാസ്സിലെ കൊച്ചു കുട്ടികളെ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകോപനവുമായി മുന്നിൽ നിയമ മന്ത്രാലയം
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ 7,528 പരാതികൾ ലഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രാലയം പരസ്യപെടുത്തിയിരുന്നു. 2016 മുതൽ 2025 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് എൻസിഇആര്‍ടിയുടെ പരാമര്‍ശം കൂടി കോടതി മുൻപാകെ എത്തുന്നത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുന്ന ഭാഗത്താണ് കോടതിയെ പ്രകോപിപ്പിച്ച പരാമര്‍ശങ്ങൾ. അഴിമതി, കേസുകളുടെ കെട്ടിക്കിടപ്പ് ,ജഡ്ജിമാരുടെ കുറവ് എന്നിവയാണ് പുതിയ പാഠപുസ്തകത്തിൽ പ്രത്യേക തലക്കെട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൗമാരക്കാരായ കിട്ടുകൾക്കുള്ള പാഠപുസ്തകത്തിലാണ് എൻസിഇആര്‍ടി ഈ ഭാഗം പുതിയതായി ചേര്‍ത്തത്.
വിവരിക്കുന്നത് സമൂഹത്തിലെ പങ്ക്,
പറയുന്നത് അഴിമതിയെ കുറിച്ച്
"നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്" എന്ന തലക്കെട്ടിലുള്ള പരിഷ്കരിച്ച അധ്യായത്തിലാണ് ബന്ധമില്ലാത്തതും അനുചിതവുമായ പരാമര്‍ശം കൂടി ചേര്‍ത്തിരിക്കുന്നത്. കോടതികളുടെ ശ്രേണിയും നീതി ലഭ്യമാക്കലും വിശദീകരിക്കുന്നതിനപ്പുറം, അഴിമതിയും കേസ് കെട്ടിക്കിടക്കലും ഉൾപ്പെടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ കൂടി പാഠത്തിൽ കൊണ്ടു വന്നു. ഇത്തരത്തിലുള്ള അഴിമതി പരിഹരിക്കാൻ സര്‍ക്കാര്‍ സാങ്കേതിക സംവിധാനം ഒരുക്കുന്നു എന്ന രീതയിലുള്ള സൂചന നൽകാനും ശ്രമിക്കുന്നു.










0 comments