ad
Deshabhimani

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

waqf supreme court
വെബ് ഡെസ്ക്

Published on Dec 12, 2025, 01:05 PM | 1 min read

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.


മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് ഹൈക്കോടതി നൽകിയ അംഗീകാരം സ്‌റ്റേ ചെയ്തിട്ടില്ല. കമ്മീഷൻ പ്രവർത്തനം തുടരാമെന്നും കോടതി പറഞ്ഞു.


ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് ആഴ്ചക്കകം കക്ഷികൾ നോട്ടീസിന് മറുപടി നൽകണം.


ഹർജി കോടതിയിൽ സർക്കാർ എതിർത്തു. കേരള സംസ്ഥാന വഖഫ് ബോർഡിന് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ നോട്ടീസ് നൽകി. കേരളത്തിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിലായ അഭിഭാഷകൻ സി കെ ശശി നോട്ടീസ് സ്വീകരിച്ചു. ജനുവരി 27ന് ഹർജി വിശദമായി പരിഗണിക്കും.


മുസ്ലിംലീഗ്‌ നേതാവ്‌ പാണക്കാട് റഷീദലി തങ്ങൾ വഖഫ്‌ ബോർഡ്‌ ചെയർമാനായിരിക്കെയാണ്‌ മുനമ്പം ഭൂമി ബോർഡിന്റേതാണെന്ന് പ്രഖ്യാപിച്ചത്. 2022 ൽ എൽഡിഎഫ്‌ സർക്കാർ പ്രത്യേക ഉത്തരവിലൂടെ മുനമ്പം ഭൂമിക്ക്‌ കരമടയ്‌ക്കാൻ അനുമതി നൽകി. അതിനെതിരെ ലീഗ്‌ നേതാവ്‌ കെ പി എ മജീദ്‌ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചതോടെയാണ്‌ നിയമ വ്യവഹാരങ്ങൾ തുടങ്ങിയത്‌.


മുനമ്പം വിഷയത്തിൽ ജുഡീഷ്യല്‍ കമീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ഒക്‌ടോബർ 10ലെ അനുകൂല വിധിയുമ്ടായിരുന്നു. മുനമ്പം ഭൂമി വഖഫായി കണക്കാക്കാനാകില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ച്‌ വിധി. ഒപ്പം, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ അധ്യക്ഷനായ കമീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച്‌ വിധിയും റദ്ദാക്കി.


1950-ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിനുള്ള ഇഷ്ടദാനമാണ്‌. അത് വഖഫ് അല്ല. ആ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home