print edition എസ്‌സി, എസ്‌ടി സംവരണം; മേൽത്തട്ട് പരിധി പറ്റില്ല

ന്യൂഡൽഹി: പട്ടികജാതി, പട്ടിക വർഗം അടക്കമുള്ള സംവരണ വിഭാഗങ്ങളിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങൾ ഉണ്ടാക്കി ആനുകൂല്യങ്ങൾ വിതരണംചെയ്യണമെന്ന ഹർജിയെ സുപ്രീംകോടതിയിൽ എതിർത്ത് കേന്ദ്രസർക്കാർ. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ മേൽത്തട്ട് പരിധി നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര സമൂഹ്യനീതി വകുപ്പ് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ളിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളുണ്ടാക്കി "നീതിയുക്തമായ' സംവരണ നയം രൂപീകരിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
ഒബിസി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കുന്ന മേൽത്തട്ട് പരിധി എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കിടയിൽ നടപ്പാക്കാനാകില്ലെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗങ്ങളിൽ സാന്പത്തികസംവരണം നടപ്പാക്കാൻ ഭരണഘടനാ അനുവദിക്കുന്നില്ല.
ചരിത്രപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണ വിഭാഗങ്ങളെ തിരിച്ചറിയുന്നതും ആനുകൂല്യം നൽകുന്നതും. തൊട്ടുകൂടായ്‌മയാണ് പട്ടികജാതിക്കാരുടെ ചരിത്രപരമായ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം.
വ്യത്യസ്‌തമായ സംസ്‌കാരം, ഒറ്റപ്പെടൽ തുടങ്ങിയവയാണ് പട്ടികവർഗങ്ങളുടെ പിന്നാക്കാവസ്ഥയ്‌ക്ക് പിന്നിൽ. ആർട്ടിക്കിൾ 341(2) പ്രകാരം പാർലമെന്റിന് മാത്രമേ ഒരു വിഭാഗത്തെ പട്ടികജാതിയിൽനിന്ന് ഒഴിവാക്കാനാകൂ. അങ്ങനെ ചെയ്യണമെങ്കിൽ അനുഭവപരവും സാമൂഹികവും- സാമ്പത്തികവുമായ ഡാറ്റയും ആവശ്യമാണ്. വസ്‌തുതകളുടെ പിൻബലമില്ലാത്ത ഹർജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.










0 comments