ആഘോഷങ്ങൾക്ക് 'മധുരം' കുറയും; പഞ്ചസാര ക്ഷാമത്തില്‍ വലഞ്ഞ് മധുരപലഹാര നിർമാണമേഖല

ന്യൂഡൽഹി : ഇന്ത്യയിലെ ഉത്സവനാളുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുരപലഹാരങ്ങൾ. പഞ്ചസാര ഏറെ ചേര്‍ത്തുള്ള അതിമധുരമുള്ള വിഭവങ്ങള്‍ക്ക് ബംഗളിലും ഉത്തരേന്ത്യയിലും ആവശ്യക്കാര്‍ ഏറെയാണ്. എഥനോൾ ഉത്പാദനവും അതിന്റെ ഭാഗമായുണ്ടായ പഞ്ചസാരക്ഷാമവും മധുരപലഹാര നിർമാണമേഖലയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 40 ശതമാനം വർധനവാണ് രാജ്യത്തെ പഞ്ചസാരവിലയിലുണ്ടായിരിക്കുന്നത്. മാത്രമല്ല, ക്ഷാമം അതിരൂക്ഷമായതോടെ പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രം. പഞ്ചസാര വില കൂടുമ്പോൾ മധുരപലഹാരങ്ങൾക്കും വിപണിയിൽ വില കൂടും. ഈ അവസരം മുതലെടുക്കാൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകാനും സാധ്യതയുണ്ട്.
ആഗസ്ത് മുതലാണ് പല ആഘോഷങ്ങളുടെയും തുടക്കമെന്നതിനാലും വിവാഹസീസണായതിനാലും പഞ്ചസാരയുടെ ആവശ്യകത കൂടുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചസാര ക്ഷാമമുണ്ടായിരിക്കുന്നത്. സ്വാഭാവികമായും ഭക്ഷ്യ-പാനീയ കമ്പനികൾ ഉത്സവ സീസണിലേക്കുള്ള സ്റ്റോക്കുകൾ വലിയ തോതിൽ സംഭരിക്കുന്നു. മൊത്തവ്യാപാര വിപണിയിൽ ഇത് കാര്യമായി ബാധിക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വരും മാസങ്ങളിലും പഞ്ചസാര ഉത്പാദനം കുറയുകയും വില കൂടുകയും ചെയ്യും. പഞ്ചസാര ഇറക്കുമതിയും വര്‍ധിപ്പിക്കേണ്ടി വരും.
മെയ്-ജൂൺ മാസങ്ങളിൽ കിലോഗ്രാമിന് 40-45 രൂപയായിരുന്ന വില, ആഗസ്ത്തിൽ 58-75 രൂപയ്ക്ക് മുകളിലായി. ഇ 20 പെടോളിനായി എഥനോള്‍ ഉത്പാദിപ്പിക്കാന്‍ രാജ്യത്തെ കരിമ്പുകൾ വൻതോതിൽ ഉപയോഗിച്ചതോടെയാണ് പഞ്ചസാര ഉത്പാദനം പ്രതിസന്ധിയിലായത്. മുൻ വർഷങ്ങളിൽ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായതിലും അധികം പഞ്ചസാര ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ, പഞ്ചസാരയ്ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രാജ്യം. പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് വലിയ അളവിൽ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വരുന്നത്.
പഞ്ചസാരവില ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ മധുരപലഹാരങ്ങളുടെ വിലയും കുത്തനെ ഉയരും. ഇന്ത്യയിലെ ഉത്സവങ്ങള്‍ക്ക് ഇത്തവണ മധുരം കുറയുമെന്ന് ഉറപ്പാണ്.









0 comments