ആലുവയിൽ ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ സ്റ്റേഷനില്‍; ആരും തിരിച്ചറിഞ്ഞില്ല

ആലുവ: ആലുവ സബ്ജയിലിൽ നിന്ന് തടവുചാടിയ പ്രതി ജയിൽ ചാടി ഒരു മണിക്കൂറിനുള്ളിൽ ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ പ്രതിയെ തിരിച്ചറിഞ്ഞില്ല. മോഷണക്കേസിൽ പ്രതിയായ അസം സ്വദേശി മധുർജ്യ സോനോവാൾ (28) ആണ് നാടകീയ രംഗ സൃഷ്ടിച്ചത്.
എടത്തലയിൽ നിന്ന് മോഷ്ടിച്ച 9 മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ചയാണ് മധുർജ്യയെ പെരുമ്പാവൂർ പൊലീസ് പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത സമയം വാങ്ങിവെച്ച ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ ജയിൽ ചാടിയ ഇയാൾ 5.30-ഓടെ പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, മറ്റൊരു പൊലീസുകാരനെ കണ്ടതോടെ തന്നെ തിരിച്ചറിയുമെന്ന സംശയത്തിൽ ഇയാൾ ആധാർ കാർഡ് വാങ്ങാൻ നിൽക്കാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പൊലീസ് ഇയാളെ പിന്തുടർന്നതുമില്ല. സബ് ജയിലിൽ ധരിച്ചിരുന്ന മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമണിഞ്ഞാണ് ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയത്.
തുടർന്ന് പെരുമ്പാവൂർ ടൗണിലെത്തിയ ഇയാൾ പരിചയമുള്ള ഒരു മൊബൈൽ കടയിലെത്തി നാട്ടിൽ പോകാൻ പണം കടം ചോദിച്ചെങ്കിലും കടയുടമ നൽകിയില്ല. അതിനിടെ, 24 മണിക്കൂറും കാവലുള്ള ജയിലിൽ നിന്ന് 10-ാം നമ്പർ സെല്ലിലെ തടവുകാരനായ മധുർജ്യ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാർക്കെതിരെ ഉടൻ നടപടിയുണ്ടായേക്കും.










0 comments