Deshabhimani

'ത്വലാഖ് ചൊല്ലുന്നതിന് ഏകീകൃത നടപടികളും മാര്‍ഗ്ഗനിര്‍ദേശവും വേണം; ഹര്‍ജിയിൽ വിശദീകരണം തേടി സുപ്രീം കോടതി

Talaq-e-Ahsan
വെബ് ഡെസ്ക്

Published on Oct 16, 2026, 02:57 PM | 1 min read

ന്യൂഡൽഹി:മുസ്ലീം വ്യക്തിനിയമ പ്രകാരമുള്ള എല്ലാ 'ത്വലാഖ്' രീതികൾക്കും ഏകീകൃത നടപടിക്രമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാരിൽ നിന്നും ബന്ധപ്പെട്ട കക്ഷികളിൽ നിന്നും പ്രതികരണം തേടി.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവര്‍ ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹർജിയിൽ ‘ത്വലാഖ്-എ-ഹസൻ’ എന്ന വിവാഹമോചന രീതിയുടെ സാധുതയെയും ചോദ്യം ചെയ്തിട്ടുണ്ട്. പുരുഷന്മാർക്ക് മൂന്ന് മാസം കൊണ്ട് ഓരോ മാസം വീതം 'ത്വലാഖ്' എന്ന് ഉച്ചരിച്ച് വിവാഹമോചനം നേടാൻ വ്യവസ്ഥ ചെയ്യുന്ന രീതിയാണ് ഹർജിയിൽ ചോദ്യം ചെയ്തിട്ടുള്ളത്. മൂന്നാം മാസത്തെ ഉച്ചാരണത്തോടെ വിവാഹമോചനം പൂർത്തിയാകും. എന്നാൽ ആദ്യ രണ്ട് ഉച്ചാരണങ്ങൾക്ക് ശേഷം ഇണകൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയാൽ അനുരഞ്ജനമായതായി കണക്കാക്കും.


ത്വലാഖ് എ ഹസന്(Talaq-e-Hasan)എതിരായ ഹര്‍ജിക്ക് ഒപ്പം ഒരു മുസ്ലീം വനിത നൽകിയ രണ്ടാമത്തെ ഹർജിയും ഒരുമിച്ച് പരിഗണിക്കയായിരുന്നു. വിവാഹ ബന്ധത്തിലെ ഏകപക്ഷീയ തീരുമാനങ്ങൾ തടയണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.


ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കാൻ തുല്യത (അനുച്ഛേദം 14), വിവേചനമില്ലായ്മ (അനുച്ഛേദം 15), ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം (അനുച്ഛേദം 21) എന്നിവ ഉറപ്പാക്കിക്കൊണ്ട് മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള എല്ലാ വിവാഹമോചന രീതികളിലും സുതാര്യതയും നീതിയും ഉറപ്പാക്കുന്ന നിയമപരമായ മാർഗനിർദേശങ്ങൾ കൊണ്ടുവരണം എന്നാണാവശ്യം. ഹര്‍ജിയിൽ നിയമ-നീതിന്യായ മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് തുടങ്ങി എതിര്‍ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു.


ഒറ്റയടിക്ക് മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് രീതി ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും 2017-ൽ സുപ്രീം കോടതി വിധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home