Deshabhimani

അപൂർവ രോഗം 'എവേക്ക് ക്രാനിയോപ്ലാസ്റ്റി' വിജയകരമായി പൂർത്തിയാക്കി ഡോ. കെ എം സി ആശുപത്രി

SURGERY
വെബ് ഡെസ്ക്

Published on Oct 16, 2026, 03:38 PM | 2 min read

ചെങ്ങന്നൂർ: ഗുരുതരമായ തലയ്ക്കേറ്റ പരിക്കിനെത്തുടർന്ന് മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ച 65-കാരിക്ക് അതീവ സങ്കീർണ്ണമായ 'എവേക്ക് ക്രാനിയോപ്ലാസ്റ്റി' (Awake Cranioplasty) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചെങ്ങന്നൂർ ഡോ. കെ.എം.സി. ഹോസ്പിറ്റൽ. ജനറൽ അനസ്തേഷ്യ നൽകാതെ, രോഗിയെ പൂർണ ബോധാവസ്ഥയിൽ നിലനിർത്തി നടത്തിയ ഈ അപൂർവ ശസ്ത്രക്രിയയിൽ, രോഗി പാട്ടുപാടുകയും നാരങ്ങാവെള്ളം കുടിക്കുകയും ചെയ്തത് ശ്രദ്ധേയമായി.


ഗുരുതരമായ ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിയുമായി (Severe Traumatic Brain Injury) ആശുപത്രിയിലെത്തിയ രോഗിക്ക് അടിയന്തരമായി ഡീകംപ്രസീവ് ക്രാനിയക്ടമിയും (Decompressive Craniectomy) ഇൻട്രാക്രാനിയൽ ഹെമറ്റോമ ഇവാക്വേഷനും (Hematoma Evacuation) നടത്തി ജീവൻ രക്ഷിക്കുകയായിരുന്നു. എന്നാൽ, പ്രാഥമിക ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ഹൃദയസ്തംഭനം (Cardiac Arrest) സംഭവിച്ചു. അടിയന്തരമായി സി.പി.ആർ. (CPR) നൽകി ഹൃദയമിടിപ്പ് പുനഃസ്ഥാപിച്ച് ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു. തുടർന്നുള്ള തീവ്രപരിചരണ വിഭാഗത്തിലെ (ICU) ചികിത്സയ്ക്കിടെയും രോഗിക്ക് വീണ്ടും ഹൃദയസ്തംഭനം സംഭവിച്ചെങ്കിലും സമയോചിതമായ പുനരുജ്ജീവന ചികിത്സയിലൂടെ നില മെച്ചപ്പെടുത്തി.


പിന്നീട് വെന്റിലേറ്ററിൽനിന്ന് വിജയകരമായി മാറ്റിയ രോഗി ക്രമേണ ആരോഗ്യനില വീണ്ടെടുത്തു. തുടർന്ന് തലയോട്ടിയിലെ അസ്ഥി പുനഃസ്ഥാപിക്കുന്നതിനുള്ള ക്രാനിയോപ്ലാസ്റ്റി (Cranioplasty) ആസൂത്രണം ചെയ്തു.


എന്നാൽ, മുൻപ് ഉണ്ടായ ഹൃദയസ്തംഭനങ്ങളുടെ പശ്ചാത്തലത്തിലും ശ്വാസകോശ-ഹൃദയ സംബന്ധമായ ഉയർന്ന അപകടസാധ്യത കണക്കിലെടുത്തും ജനറൽ അനസ്തേഷ്യയിൽ ശസ്ത്രക്രിയ നടത്തുന്നത് വെല്ലുവിളിയായിരുന്നു. രോഗിയും ജനറൽ അനസ്തേഷ്യ സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. ശസ്ത്രക്രിയയ്ക്കിടെ വീണ്ടും ഹൃദയസ്തംഭനം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് കാർഡിയോളജി, പൾമണോളജി വിഭാഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു.


ഈ സാഹചര്യത്തിലാണ് രോഗിയെ പൂർണ ബോധാവസ്ഥയിൽ നിലനിർത്തിക്കൊണ്ട് ശസ്ത്രക്രിയ നടത്തുന്നതിനുള്ള 'എവേക്ക് ക്രാനിയോപ്ലാസ്റ്റി' എന്ന നൂതന ചികിത്സാരീതി തിരഞ്ഞെടുത്തത്.


സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ അനസ്തേഷ്യാ രീതി


മുൻപ് നടത്തിയ ഡീകംപ്രസീവ് ക്രാനിയക്ടമിയെ തുടർന്ന് തലയോട്ടിയുടെ സ്വാഭാവിക അസ്ഥിഘടനയിലും ശരീരഘടനാ അടയാളങ്ങളിലും (Anatomical Landmarks) ഉണ്ടായ മാറ്റങ്ങൾ കാരണം സാധാരണ രീതിയിലുള്ള സ്കാൽപ് ബ്ലോക്ക് നൽകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കൂടാതെ, ലിഗ്നോകെയിൻ പോലുള്ള ലോക്കൽ അനസ്തറ്റിക് മരുന്നുകളുടെ അമിത അളവ് മൂലമുണ്ടാകാവുന്ന ലോക്കൽ അനസ്തറ്റിക് സിസ്റ്റമിക് ടോക്സിസിറ്റി (LAST) ഒഴിവാക്കുന്നതും നിർണായകമായിരുന്നു.


ഈ വെല്ലുവിളികൾ മറികടക്കുന്നതിനായി അൾട്രാസൗണ്ട് മാർഗനിർദേശത്തോടെയുള്ള (Ultrasound-Guided) സെലക്ടീവ് സ്കാൽപ് ബ്ലോക്ക് (Selective Scalp Block) ഉപയോഗിച്ചാണ് ശസ്ത്രക്രിയയ്ക്കാവശ്യമായ വേദനനിയന്ത്രണം ഉറപ്പാക്കിയത്. ജനറൽ അനസ്തേഷ്യ ഒഴിവാക്കി രോഗിയുടെ ബോധാവസ്ഥയും സഹകരണവും നിലനിർത്തിക്കൊണ്ട് സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഇതിലൂടെ സാധിച്ചു.


ശസ്ത്രക്രിയയ്ക്കിടെ രോഗി പാട്ടുപാടുകയും നാരങ്ങാവെള്ളം കുടിക്കുകയും ചെയ്തത് ചികിത്സയുടെ സവിശേഷതയായി. ഉയർന്ന ഹൃദയ-ശ്വാസകോശ അപകടസാധ്യതയുള്ള രോഗികളിൽ, കൃത്യമായ രോഗിവിലയിരുത്തലും വിവിധ വിഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനവും നൂതനമായ അനസ്തേഷ്യാ സാങ്കേതികവിദ്യകളും എത്രത്തോളം നിർണായകമാണെന്ന് ഈ ചികിത്സ വ്യക്തമാക്കുന്നു.


ന്യൂറോസർജറി, ന്യൂറോഅനസ്തേഷ്യ, തീവ്രപരിചരണം, കാർഡിയോളജി, പൾമണോളജി എന്നീ വിഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ സങ്കീർണ്ണമായ ചികിത്സയുടെ വിജയത്തിന് അടിത്തറയായത്.


Dr. Vishnu P. S. (Senior Neurosurgeon), Dr. Anand Nair (Neurosurgeon), Dr. Melvin Ninan (Neuro Anesthetist)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home