രണ്ടാമത് മാക്ട–രാജഗിരി ചലച്ചിത്ര മേള സമാപിച്ചു
ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യം: കമൽ

ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യമാണെന്ന് സംവിധായകൻ കമൽ
കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യമാണെന്ന് സംവിധായകൻ കമൽ. രണ്ടാമത് മാക്ട–രാജഗിരി ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിലവാരമാണ് ഒരു ചലച്ചിത്ര മേളയുടെ വിജയത്തിന് ആധാരമെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കാഴ്ചപ്പാടുള്ള സിനിമകൾ കണ്ടു വളർന്ന പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ടു നയിക്കുന്നത്. പരീക്ഷണ സിനിമകൾ ഒരുക്കുന്ന പുതുതലമുറ സംവിധായകർ ഇത്തരം ചലച്ചിത്ര മേളകളുടെ സ്വാധീനത്തിലൂടെയാണ് വളർന്നുവന്നതെന്നും കമൽ വ്യക്തമാക്കി.
സമാപന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലെ ഹ്രസ്വചിത്ര പുരസ്കാരങ്ങളും വിതരണം ചെയ്തു. അൻസൽ മുഹമ്മദ് സംവിധാനം ചെയ്ത ‘മട്ടാഞ്ചേരി മാഫിയ’ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്കാരവും അൻസൽ മുഹമ്മദ് സ്വന്തമാക്കി. ചിത്രത്തിലെ സംഗീതത്തിന് ക്രിസ്റ്റി ജോബി മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി. ‘ഗോൾഡൻ ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് രഘുനാഥ് പലേരി മികച്ച നടനായും ‘കാതലുക്ക് മര്യാദൈ’യിലെ അഭിനയത്തിന് ഇന്ദുമതി മണികണ്ഠൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
‘ഗോൾഡൻ ലവ്’ എന്ന ചിത്രത്തിലൂടെ നിജോ എബ്രഹാം മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ‘ബ്ലാക്ക് ക്യാറ്റ്’ എന്ന ചിത്രത്തിന് ടിജോ തങ്കച്ചൻ മികച്ച എഡിറ്ററായും ‘ദ ഫസ്റ്റ് ഫിലിം’ എന്ന ചിത്രത്തിലൂടെ അനാദി അത്താലി മികച്ച കലാസംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ‘കാതലുക്ക് മര്യാദൈ’യിലെ അഭിനയത്തിന് ക്രിസ്റ്റോ മോൻ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം നേടി. ‘ബൂ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ദ്രുപദ് കൃഷ്ണയ്ക്ക് മികച്ച ബാലതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശവും ‘ഫൈൻഡിങ് യു’ എന്ന ചിത്രത്തിന് അനിമേഷൻ വിഭാഗത്തിൽ ആശാ രാജന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സി.എം.ഐ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സൂക്ഷ്മദർശിനി’യുടെ സംവിധായകൻ എം.സി. ജിതിൻ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ട്രഷറർ സജിൻലാൽ, കോളജ് പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർമാരായ രഞ്ജു എ.സി., ബാബു പള്ളാശേരി, സ്റ്റുഡന്റ് കോർഡിനേറ്റർ റമീസ കാസിം എന്നിവർ പങ്കെടുത്തു.









0 comments