ad
Deshabhimani

ഓൺലൈൻ ചൂതാട്ടം; രാജ്യവ്യാപക നിരോധനം തേടിയുള്ള ഹർജിയിൽ കേന്ദ്രത്തിന്റെ പ്രതികരണം ചോദിച്ച് സുപ്രീം കോടതി

supreme court on Ahmedabad Plane Crash
വെബ് ഡെസ്ക്

Published on Oct 22, 2025, 05:42 PM | 1 min read

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി.


ഇ-സ്‌പോർട്‌സിന്റെയും സാമൂഹിക ഗെയിമുകളുടെയും മറവിൽ നടക്കുന്ന ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും രാജ്യത്തിന് വലിയ സാമ്പത്തികവും സാമൂഹികവുമായ ഭീഷണിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.


ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്. രാജ്യത്തെ 65 കോടിയിലധികം പേരെ ഓൺലൈൻ ചൂതാട്ടം ബാധിക്കുന്നുവെന്നും, ഇത് സാമ്പത്തിക പ്രതിസന്ധി, മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യകൾ എന്നിവയിലേക്ക് നയിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.


മാത്രമല്ല, അനധികൃത വിദേശ ഗെയിമിംഗ് കമ്പനികൾ 2 ലക്ഷം കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായും ഹർജിക്കാർ ആരോപിക്കുന്നു. പ്രമുഖ ക്രിക്കറ്റ് താരങ്ങളും സിനിമാ നടന്മാരും ഇത്തരം അനധികൃത ഗെയിമുകൾക്ക് പരസ്യം നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ഹർജി ആവശ്യപ്പെടുന്നുണ്ട്.


രജിസ്റ്റർ ചെയ്യാത്ത ഗെയിമിംഗ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തടയാൻ ആർ.ബി.ഐ., എൻ.പി.സി.ഐ. തുടങ്ങിയ പണമിടപാട് സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളുടെ സാമൂഹിക ഗൗരവം കണക്കിലെടുത്ത് ഓൺലൈൻ ചൂതാട്ട മാഫിയയെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home