ad
Deshabhimani

print edition നിർബന്ധിത ആർത്തവ അവധി: ഹർജി തള്ളി

Supreme Court.jpg
വെബ് ഡെസ്ക്

Published on Mar 14, 2026, 01:56 AM | 1 min read

ന്യൂഡൽഹി: വിദ്യാർഥിനികൾക്കും ജോലിചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ ദിനങ്ങളിൽ അവധി നിർബന്ധമാക്കുന്ന ദേശീയ നയം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് വനിതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കോടതി നിരീക്ഷിച്ചു. തൊഴിലുടമകൾ സ്ത്രീകളെ ജോലിക്ക് എടുക്കാൻ മടികാണിച്ചേക്കും.നിർബന്ധിത ആർത്തവ അവധി ഉണ്ടായാൽ ഒരുപക്ഷെ, ദൈനംദിന വാദംകേൾക്കേണ്ട കേസ്‌ വനിതാ ജഡ്‌ജിയെ ഏൽപ്പിക്കാത്ത സ്ഥിതി ജുഡീഷ്യറിയിൽ പോലുമുണ്ടാകാം.


"സ്ഥാപനങ്ങൾ സ്വമേധയാ അത്തരം അവധി നൽകുന്നത് മികച്ച കാര്യമാണ്. എന്നാൽ നിയമപരമായി നിർബന്ധമാക്കിയാല്‍, ആരും അവർക്ക് ജോലി നൽകില്ല,' ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിച്ചു. ഹർജിക്കാരൻ പുരുഷനായ ഷൈലേന്ദ്ര മണി ത്രിപാഠിയാണെന്നും സ്‌ത്രീകളാരും ഇ‍ൗ ആവശ്യവുമായി കോടതിയിൽ എത്തിയിട്ടില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.


കേന്ദ്രസർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ട്‌ ഹർജി തീർപ്പാക്കുകയായിരുന്നു. ഇത്തരം വിഷയങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നയരൂപീകരണ വിദഗ്ധരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.​ അതേസമയം, കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ചില സ്വകാര്യ കമ്പനികളും ഇതിനോടകം ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ എം ആർ ഷംസാദ് ചൂണ്ടിക്കാട്ടി. കേരളത്തിന്റേത്‌ മികച്ച മാതൃകയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പ്രശംസിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home