സ്ഥിരപ്പെടുത്താനും ആനുകൂല്യങ്ങൾ വകവെച്ച് നൽകാനും ഉത്തരവ്
ഐഎസ്ആർഒ തൊഴിലാളികൾക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം നീതി; അന്തസും തുല്യതയും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഭാഗമായ മഹേന്ദ്രഗിരി ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (LPSC) ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തൊഴിലാളികൾക്ക് ഉന്നത നീതിപീഠത്തിൽ നിന്ന് അനുകൂല വിധി ലഭിക്കുന്നത്. സ്ഥിരനിയമനം നൽകണമെന്ന മുൻ ഉത്തരവുകൾ പാലിക്കാത്ത അധികൃതരുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻ ഉത്തരവുകൾ പാലിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടാതായി ചൂണ്ടി കാട്ടി.
അപ്പീൽ നൽകിയ തൊഴിലാളികൾക്ക് 2010 സെപ്റ്റംബർ 9 മുതൽ പ്രാബല്യത്തോടെ സ്ഥിരനിയമനം നൽകണം. വിധി നടപ്പിലാക്കുന്നതിനുള്ള നടപടികൾ നാലാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. ഈ വിധി അപ്പീൽ നൽകിയവർക്ക് മാത്രമല്ല, ഇതേ സ്കീമിന് കീഴിലുള്ള സമാന സാഹചര്യത്തിലുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമായിരിക്കും.
1991-1997 കാലഘട്ടത്തിൽ ലോഡിംഗ്, അൺലോഡിംഗ് ജോലികൾക്കായി നിയോഗിക്കപ്പെട്ട തൊഴിലാളികളാണ് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈ വിജയം നേടിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ചരിത്രപരമായ വിധി.
സർക്കാർ ഒരു 'മാതൃകാ തൊഴിലുടമ ആയിരിക്കണം. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളിൽ പങ്കാളികളായ തൊഴിലാളികളോട് വിവേചനമോ നിസ്സംഗതയോ കാണിക്കാൻ ഭരണകൂടത്തിന് അധികാരമില്ല - സുപ്രീം കോടതി
സർക്കാർ ഒരു 'മാതൃകാ തൊഴിലുടമ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളിൽ പങ്കാളികളായ തൊഴിലാളികളോട് വിവേചനമോ നിസ്സംഗതയോ കാണിക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് പ്രത്യേകം ചൂണ്ടികാട്ടി.
ISRO തൊഴിലാളി സമരം റാഞ്ചി, ഫയൽ ചിത്രം
തൊഴിലാളികളുടെ അന്തസും
തുല്യതയും പ്രധാനമാണ്
തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുകയും എന്നാൽ അവർക്ക് അർഹമായ സേവന പദവി നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയെ ചന്ദ്രനിലെത്തിച്ച നേട്ടങ്ങൾ ശാസ്ത്രജ്ഞരുടേത് മാത്രമല്ല, അതിനായി പശ്ചാത്തല സൗകര്യങ്ങളൊരുക്കിയ സാധാരണ തൊഴിലാളികളുടേത് കൂടിയാണ്. അവരെ അവഗണിക്കുന്നത് കൂട്ടായ പരിശ്രമത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. തൊഴിലാളികളുടെ അന്തസും തുല്യതയും പരിഗണിക്കാനുള്ള ബാധ്യത പ്രത്യേകം എടുത്തു പറഞ്ഞു.
ഐഎസ്ആര്‍ഓയുടെ വിവിധ കേന്ദ്രങ്ങളിൽ സമാനമായ തൊഴിലാളി സമരങ്ങളും ആവശ്യങ്ങളും ആവര്‍ത്തിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിൽ മൗനവും അവഗണനയും തുടരുകയായിരുന്നു.










0 comments