ഇളവില്ല: തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഇടക്കാല ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് അപേക്ഷ സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഹൈക്കോടതിയുടേത് "സന്തുലിതമായ ഉത്തരവാണ്" എന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചുള്ളതാണ് കേസ്. 440.42 കോടി രൂപ നിക്ഷേപമുള്ള പാര്‍ടി അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇതു കാരണം ഓഫീസ് ജീവനക്കാര്‍ക്ക് പോലും ശമ്പളം കൊടുക്കാനാവുന്നില്ലെന്ന് ടിഎംസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.
പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾക്കായി 36 ബാങ്കുകളിലായി 164 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമെ ചെലവുകൾക്കായി ഹൈക്കോടതി പ്രത്യേക ഓഫീസറെ നിയമിച്ചിട്ടുണ്ട് എന്നും അഡീഷണൽ സോളിസിറ്റര്‍ ജനറൽ വാദിച്ചു.
കേസിന്റെ പശ്ചാത്തലം
2023 ഏപ്രിലിനും 2026 ജൂണിനും ഇടയിൽ തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടുകളാണ് ഇഡി കേസിന് ആസ്പദമായത്. കേയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും 160 കോടി രൂപ കൈമാറിയതായി കണ്ടെത്തി. ഇ ഡി അന്വേഷണ റിപ്പോര്‍ട് പ്രകാരം, കമ്പനി ഇതിൽ 112 കോടി രൂപ ഉപയോഗിച്ച് എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും ഇതിന് പുറമെ അഗസ്റ്റ വെസ്റ്റ്ലാൻഡ് 109SP എന്ന ഹെലികോപ്റ്ററും വാങ്ങിച്ചു. 2021 തൃണമൂൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് ഈ ഏവിയേഷൻ കമ്പനി രൂപീകരിച്ചത്. ഇവരുടെ തന്നെ വിമാനങ്ങളാണ് പാര്‍ടി വാടകയ്ക്ക് എടുത്തിരുന്നത്. കേസുകളും അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന് ടിഎംസി വാദിക്കുന്നു.









0 comments