മത്സ്യത്തൊഴിലാളികളോട് സർക്കാരിന് കടുത്ത അവഗണന; കിട്ടുന്ന ഓരോ അവസരത്തിലും മുഖ്യമന്ത്രി ബിജെപിയുമായി പാലമിടുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കടുത്ത രീതിയിലുള്ള അവഗണനയും, അലംഭാവവുമാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കടലോരമേഖലയിൽ രക്ഷാപ്രവർത്തനം നടത്താൻ മികവുള്ളവർ വേണമെന്ന് കണ്ടിട്ടാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് പരിശീലനം നൽകിയത്. എന്നാൽ യുഡിഎഫ് സർക്കാർ ആദ്യം തന്നെ ഇവരെ ഒഴിവാക്കി. ഇവരുടെ സാന്നിദ്ധ്യം മത്സ്യമേഖലയിലെ ദുരന്തത്തെ ഒഴിവാക്കുന്നതിന് സഹായിക്കുന്നതായിരുന്നു. ഏത് ദുരന്തത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ എത്തിക്കാന്‍ പറ്റുന്ന സാറ്റ്‌ലൈറ്റ് ഫോണുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. രക്ഷാദൗത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്ന കാര്യത്തിലും വലിയ പരാജയമാണ് ഉണ്ടായതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നുവെന്ന് അറിഞ്ഞാല്‍ ഉടന്‍ നടത്തേണ്ട തയ്യാറെടുപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല. ഇത് വലിയ ദുരന്തം രൂപപ്പെടുന്നതിന് ഇടയാക്കി. ദുരന്തമുണ്ടായ ശേഷം തിരച്ചില്‍ തന്നെ ഊര്‍ജ്ജിതമാക്കിയത് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായ ഘട്ടത്തില്‍ മാത്രമാണ്. കേന്ദ്ര സേനയെ വിന്യസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിന് തയ്യാറായതുമില്ല. ഈ സമീപനമാണ് മുതലപ്പുഴയിലും, വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് തടസ്സമായിത്തീര്‍ന്നത്. അഞ്ചുതെങ്ങിലും, നീണ്ടകരയിലും സമാനമായ സ്ഥിതിയാണ് സൃഷ്ടിച്ചത്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് ഓടിയെത്തേണ്ട ജനപ്രതിനിധികളും, മന്ത്രിമാരുമെല്ലാം ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് എത്തിയത്.
ഈ തെരച്ചിലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു മന്ത്രി തന്റെ സഹായം തേടി എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദം ഗൗരവമായി എടുക്കണം. ഇതിന് മുന്‍പും കേന്ദ്ര സര്‍ക്കാരും. നേവിയും, കോസ്റ്റ്‌്‌ഗാര്‍ഡും കേരളത്തിന്റെ ആവശ്യം പരിഗണിച്ച് സഹായിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും, നേവിയുടെയും, കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടാന്‍ സര്‍ക്കാരിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സഹായം ആവശ്യമാണെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? വീണുകിട്ടുന്ന ഓരോ അവസരവും ബിജെപിയുമായി പാലമിടാനാണ് വി ഡി സതീശനും, യുഡിഎഫും ഉപയോഗിക്കുന്നത്.
ദുരന്ത ഘട്ടത്തിലും പതിവ് കള്ളം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ 7 വര്‍ഷം കാത്തിരിക്കണമെന്നാണ് സതീശന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 2017ലെ ഓഖി ദുരന്തത്തിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നിബന്ധനയില്‍ ഇളവ് വരുത്തി കാണാതായവരുടെ കുടുംബങ്ങള്‍ക്ക് മാസങ്ങള്‍ക്കകം ധനസഹായം നല്‍കിയിരുന്നു. കവളപ്പാറ, മുണ്ടക്കൈ ദുരന്തങ്ങളിലും ഈ രീതി തന്നെയാണ് സ്വീകരിച്ചിരുന്നത്.
തിരച്ചിലിന് ഹെലിക്കോപ്‌റ്റര്‍ ആദ്യമായി ഉപയോഗിച്ചത് ഇവിടെയണെന്ന കള്ളവും ഒപ്പം തട്ടിവിട്ടു. ഓഖി ദുരന്തത്തിന്റെ ഘട്ടത്തില്‍ 4 യുദ്ധ വിമാനങ്ങളും, നാവിക സേനയുടെ 7 കപ്പലുകളും, 2 ഹെലിക്കോപ്‌റ്ററുകളും ഉപയോഗിച്ചിരുന്നു. മുണ്ടക്കൈയിലും ഇതേ തരത്തില്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments