മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കാർ കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു

തൃശൂർ: തൃശൂർ മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കാർ കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു. ഈമാസം അഞ്ചിനാണ് കാർ ഒഴുക്കിൽപ്പെട്ടത്. കനത്തമഴയെതുടർന്ന് ശക്തമായ വെള്ളപ്പൊക്കമുണ്ടാവുകയും കാർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശി സിനാൻ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 17 ലക്ഷത്തോളം വിലവരുന്ന ഇലക്ട്രിക്കൽ കാറാണ് അപകടത്തിൽപ്പെട്ടത്. ദേശിയപാതയിലേക്ക് കയറുന്ന ചെറിയ റോഡിലൂടെ വരുമ്പോഴാണ് കാർ ഒഴുക്കിൽപ്പെട്ടത്. അഞ്ച് തവണ അഗ്നിരക്ഷാ സേന പുഴയിലിറങ്ങി കാർ കരയ്ക്ക് കയറ്റാൻ ശ്രമിച്ചിരുന്നെങ്കിലും ഒഴുക്കുകാരണം സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ പുഴയിലെ ജലനിരപ്പ് താഴ്ന്ന ശേഷം വീണ്ടും സ്കൂബ ടീം കാർ കരയ്ക്കെത്തിക്കാൻ ശ്രമം തുടരുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് തവണ കയർപൊട്ടിപ്പോയിരുന്നു. പിന്നീട് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പുഴയിലിറങ്ങി കെട്ടിവലിച്ചെത്തിക്കുകയായിരുന്നു. റോഡിന് സമീപം വരെ കാർ എത്തിച്ചു. ശേഷം ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് എത്തിക്കും. കാറിന് കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിനാന്റെ ബന്ധുവിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.










0 comments