തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം:ഭിന്നവിധിക്കെതിരായ ഹർജികള്‍ പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ഭിന്നവിധി തിരിച്ചു വിളിക്കണമെന്ന അപേക്ഷ പ്രത്യേകമായി ലിസ്റ്റു ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം.
2023-ലെ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിനായി ഇതിനകം അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. അതേ ബെഞ്ച് മുൻപാകെ തന്നെ ഈ പുനഃപരിശോധനാ അപേക്ഷയും റഫറൻസ് ഉത്തരവിനെതിരായ വാദങ്ങളും പരിഗണിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ 2023-ലെ നിയമത്തിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജികൾ എത്തിയത്. ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമ പ്രകാരം പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി എന്നിവരടങ്ങുന്നതാണ് പുതിയ സമിതി. തന്ത്രപൂര്‍വം ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി.
ഇതിനെതിരായ ഹർജികൾ വിശാല ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ സെപ്റ്റംബർ 23-ന് രണ്ടംഗ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. രണ്ടംഗ ബെഞ്ചിന് തന്നെ ഹർജികൾ തീർപ്പാക്കാനാകുമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അഭിപ്രായപ്പെട്ടപ്പോൾ, ഗൗരവകരമായ ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ നിലപാട്.
എപ്പോള്‍ പരിഗണിക്കും
ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ നവംബർ 29-ന് വിരമിക്കുന്നതിന് മുൻപ്, ഹർജി ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജസ്റ്റിസ് ശർമ്മ വിരമിച്ച ശേഷവും ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഈ വിഷയം ഉന്നയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ, അഞ്ചംഗ ബെഞ്ചിന്റെ നടപടികൾ ഡിസംബറിലോ അതിനുശേഷമോ ആകാനാണ് സാധ്യത.








0 comments