Deshabhimani

'എന്റെ നാടിന്റെ ഒരംശം'; മിസ് യൂണിവേഴ്സ് വേദിയിൽ കേരളത്തിന്‍റെ കസവഴകുമായി കെസിയ

kezia kasavu
വെബ് ഡെസ്ക്

Published on Nov 20, 2026, 03:16 PM | 2 min read

പ്യൂർട്ടോറിക്കോ: മിസ് യൂണിവേഴ്സ് മത്സരവേദിയിൽ കേരളത്തിന്റെ കസവഴകുമായി ഇന്ത്യയുടെ കെസിയ ലിസ് മെജോ. നവംബർ 24ന് നടക്കുന്ന ഫൈനലിന് മുന്നോടിയായുള്ള പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിലാണ് കേരളത്തിന്റെ പരമ്പരാഗത കസവുസാരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗൺ ധരിച്ച് കെസിയ എത്തിയത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയായ കെസിയയുടെ വേഷം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.


വെള്ളയും സ്വർണനിറവും ചേർന്ന ഗൗണിൽ മനോഹരമായ കൈത്തുന്നൽപ്പണികളുമുണ്ട്. എന്നാൽ, വസ്ത്രത്തിന്റെ ഭംഗിക്കപ്പുറം അതിനൊപ്പം അണിഞ്ഞ ഓരോ ആഭരണത്തിനും കെസിയയ്ക്ക് പറയാൻ ഓരോ കഥയുണ്ട്. മുടിയിൽ ചൂടിയ മുല്ലപ്പൂവും കൈയിലെ വളയും കമ്മലുകളുമെല്ലാം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളുടെ ഓർമകളാണെന്ന് കെസിയ പറയുന്നു.


മുടിയിലെ മുല്ലപ്പൂക്കൾ തന്റെ ആദ്യ ഔദ്യോഗിക ഫോട്ടോഷൂട്ടിന്റെ ഓർമയ്ക്കൊപ്പം 1952ൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ ആദ്യമായി പ്രതിനിധീകരിച്ച ഇന്ദ്രാണി റഹ്മാനുള്ള ആദരം കൂടിയാണ്. മത്സരത്തിനായി ഇന്ത്യയിൽനിന്ന് പുറപ്പെട്ടപ്പോൾ അണിഞ്ഞ വള തന്നെയാണ് ഇന്റർവ്യൂവിനും ധരിച്ചത്. കമ്മലുകളാകട്ടെ, 2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ വിജയിയായ മാണിക വിശ്വകർമയുടേതാണ്.


'എന്റെ നാടിന്റെ ഒരംശം, എന്റെ ചരിത്രത്തിന്റെ കുറച്ചുഭാഗം. ഒപ്പം എന്റെ യാത്രയിലെ ഓരോ ഘട്ടവും' എന്ന കുറിപ്പോടെയാണ് കെസിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മത്സരത്തിന്റെ ഫൈനലിലേക്ക് അടുക്കുമ്പോൾ പേഴ്സണൽ ഇന്റർവ്യൂവിന് ധരിക്കുന്ന വേഷം വെറുമൊരു വസ്ത്രം മാത്രമാകരുതെന്ന് ആഗ്രഹിച്ചിരുന്നതായി കെസിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കേരളത്തിന്റെ പരമ്പരാഗത കസവുസാരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പൂർണമായും കൈപ്പണികളിലൂടെ ഒരുക്കിയ വേഷമാണിത്. ഇതിലെ ഓരോ ചെറിയ കാര്യത്തിനും പിന്നിലും ഓരോ ഓർമകളുണ്ട്. തന്നെ ഈ വേദിയിലെത്തിച്ച യാത്രയുടെ ഓർമകളാണ് വേഷത്തിലെ ഓരോ ഘടകവുമെന്നും കെസിയ കുറിച്ചു.


'മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയെന്ന നിലയിൽ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ഈ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യയിൽനിന്ന് ലഭിക്കുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദിയുണ്ട്. തന്നെ ഈ വേഷത്തിൽ കാണുമ്പോൾ പിന്തുണച്ച ഓരോരുത്തർക്കും അതിൽ അവരുടേതായ ഒരു പങ്ക് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. വർഷങ്ങളുടെ പരിശ്രമവും ധൈര്യപൂർവമെടുത്ത തീരുമാനങ്ങളും എണ്ണമറ്റ ചെറിയ നിമിഷങ്ങളുമാണ് ഈ സ്വപ്നം യാഥാർഥ്യമാക്കിയത്. ഒരിക്കൽ ഈ വേദിയിൽ നിൽക്കണമെന്ന് സ്വപ്നം കണ്ടിരുന്ന തനിക്കും ആ സ്വപ്നത്തിലേക്ക് എത്താൻ സഹായിച്ച എല്ലാവർക്കുമുള്ള സ്നേഹസമ്മാനമാണ് ഈ വേഷം. എവിടെപ്പോയാലും സ്വന്തം നാടിനെയും അതിന്റെ ഓർമകളെയും കൂടെക്കൂട്ടുമെന്നും കെസിയ കുറിച്ചു. 'ചക് ദേ ഇന്ത്യ! ഈ വർഷം ഡയമണ്ട് യൂണിവേഴ്സ്' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.


ഇതിനിടെ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും മത്സരാർഥികൾക്കൊപ്പമുള്ള കെസിയയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. പാകിസ്ഥാന്റെ മിസ്ബ അർഷദ്, ബംഗ്ലാദേശിന്റെ സമീറ ഖാൻ മാഹി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് കെസിയ പങ്കുവച്ചത്. രാജ്യങ്ങളും പതാകകളും വ്യത്യസ്തമാണെങ്കിലും യഥാർഥ സൗഹൃദത്തിന് അതിർത്തികളില്ലെന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.


പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിൽ നവംബർ 24നാണ് മിസ് യൂണിവേഴ്സ് 2026 ഫൈനൽ. ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിന്റെ കസവുസാരിക്ക് രാജ്യാന്തര വേദിയിൽ ഇടം നൽകിയ കെസിയയുടെ വേഷം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home