പത്തനംതിട്ട നാരങ്ങാനത്ത് കർഷകനോട് ക്രൂരത; 49 വാഴക്കുലകൾ മോഷ്ടിച്ചു

തോട്ടത്തിൽനിന്ന് വാഴകൾ ഒടിച്ചുവീഴ്ത്തി കുലകൾ വെട്ടിയെടുത്ത നിലയിൽ| Photo: Screengrab
പത്തനംതിട്ട : നാരങ്ങാനത്ത് കർഷകന്റെ തോട്ടത്തിൽനിന്ന് വിളവെടുക്കാൻ പാകമായ 49 വാഴക്കുലകൾ മോഷ്‌ടിച്ചു. നാരങ്ങാനം സ്വദേശി മാത്യുവിന്റെ തോട്ടത്തിലാണ് സംഭവം. കടമ്മനിട്ട റോഡരികിലുള്ള പറമ്പിലെ വാഴകൾ മുറിക്കാതെ നിർത്തി കുലകൾ മാത്രം വെട്ടിയെടുത്താണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്.
ഒരു മാസത്തിനുള്ളിൽ വിളവെടുക്കേണ്ടിയിരുന്ന വാഴക്കുലകളാണ് നഷ്ടമായതെന്ന് കർഷകൻ മാത്യു പറഞ്ഞു. തിങ്കളാഴ്ച തോട്ടത്തിലെത്തി പരിശോധിച്ചശേഷം മടങ്ങിയ മാത്യു വ്യാഴാഴ്ച വീണ്ടും എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഒരു വർഷത്തെ കഠിനാധ്വാനവും വലിയ സാമ്പത്തിക ചെലവുമാണ് മാത്യു ഈ കൃഷിക്കായി മുടക്കിയത്. വിളവെടുത്ത് വരുമാനം നേടാൻ തുടങ്ങുന്ന സമയത്താണ് മോഷണം സംഭവിച്ചത്. നിലവിൽ വാഴക്കുലയ്ക്ക് കിലോയ്ക്ക് 70 രൂപയോളം വിലയുള്ളതിനാൽ വലിയ പ്രതീക്ഷയോടെയാണ് കൃഷി പരിപാലിച്ചിരുന്നത്. ആ പ്രതീക്ഷയാണ് മോഷണത്തോടെ ഇല്ലാതായതെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.
പറമ്പിന്റെ മറുവശത്ത് റബർ തോട്ടമായതിനാൽ ആ വഴിയിലൂടെ കുലകൾ കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കർഷകന്റെ വിലയിരുത്തൽ. റോഡരികിലൂടെയാകാം മോഷ്ടാക്കൾ കുലകൾ കടത്തിയതെന്നും അദ്ദേഹം സംശയിക്കുന്നു. 49 വാഴക്കുലകൾ ഒരാൾക്ക് ഒറ്റയ്ക്ക് വെട്ടിയെടുത്ത് റോഡിലെത്തിക്കാൻ കഴിയില്ലെന്നും ഒന്നിലധികം പേർ മോഷണത്തിന് പിന്നിലുണ്ടാകാമെന്നും മാത്യു പറഞ്ഞു.







0 comments