റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ്; ഇന്ത്യ എയ്ക്ക് ഇന്ന് നേപ്പാൾ എതിരാളികൾ

തിലക് വർമ്മ| Photo: Gettyimages
ദോഹ : എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ. ദോഹയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. തിലക് വർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ എ ഇറങ്ങുന്നത്.
അഭിഷേക് ശർമ, ഹർഷിത് റാണ, റിങ്കു സിങ്, പ്രഭ്സിമ്രാൻ സിങ് എന്നിവർക്കൊപ്പം വൈഭവ് സൂര്യവംശിയും ഇന്ത്യൻ ടീമിലുണ്ട്. കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശ് എയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ വരവ്.
കഴിഞ്ഞ വർഷം ട്വന്റി20 ഫോർമാറ്റിൽ നടന്ന ടൂർണമെന്റ് ഇത്തവണ ഏകദിന ഫോർമാറ്റിലാണ് നടക്കുന്നത്. നവംബർ 29നാണ് ഫൈനൽ. ഗ്രൂപ്പ് ബിയിൽ ഇന്ത്യ എയ്ക്കും നേപ്പാളിനും പുറമെ പാകിസ്ഥാൻ ഷഹീൻസും യുഎഇയുമുണ്ട്. ഗ്രൂപ്പ് എയിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്ഥാൻ എ, ഹോങ്കോങ് ടീമുകളാണ്.
ഇന്ത്യ എയും നേപ്പാളും ഇതുവരെ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 2023ലെ എസിസി മെൻസ് എമർജിങ് ഏഷ്യാ കപ്പിലായിരുന്നു ഈ മത്സരം. അന്ന് ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. അഭിഷേക് ശർമ 87 റൺസും സായ് സുദർശൻ പുറത്താകാതെ 58 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാം.
ഇന്ത്യ എ സാധ്യതാ ടീം: അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (ക്യാപ്റ്റൻ), റിങ്കു സിങ് (വൈസ് ക്യാപ്റ്റൻ), ആയുഷ് ബദോനി, സൂര്യാൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷാദ് ഖാൻ.
നേപ്പാൾ സാധ്യതാ ടീം: കുശാൽ ഭുർത്തേൽ, അർജുൻ കുമാൽ, ദേവ് ഖനാൽ, ഇഷാൻ പാണ്ഡെ, സന്ദീപ് ജോറ, ദീപക് ഡുമ്രെ (വിക്കറ്റ് കീപ്പർ), ബാസിർ അഹമ്മദ്, സോംപാൽ കാമി, സന്ദീപ് ലാമിച്ചാനെ (ക്യാപ്റ്റൻ), ലളിത് രാജ്ബൻഷി, നന്ദൻ യാദവ്.







0 comments