സ്വർണവിലയിൽ അടിക്കടി മാറ്റം എന്തുകൊണ്ട്?സ്വർണപ്രിയരായ മലയാളിയുടെ ഇൗ സമയത്തെ രീതികൾ

കൃത്യം ഒരു വർഷം മുമ്പ് 2025 നവംബറിൽ സ്വർണവില 91120 രൂപയായിരുന്നു. 2026 ജനുവരിയിൽ 131160 രൂപയായി. 2026 നവംബർ20 ന് വില താഴ്ന്ന് 92080 ലെത്തി. സ്വർണ വില ആർക്കും പ്രവചിക്കാൻ കഴിയാത്ത തരത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്ന സ്വർണത്തെ വിശ്വസിക്കാൻ കൊള്ളാതായോ? വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്പോൾ ഇൗ ചോദ്യം പ്രസക്തമാണ്. സാധാരണ ഉപഭോക്താക്കളെയും ഹ്രസ്വകാല നിക്ഷേപകരെയും ഇൗ ചാഞ്ചാട്ടം ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ, സ്വർണത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യം അങ്ങനെ നഷ്ടമാകില്ലെന്നാണ് വിപണിയുടെ പൊതുവായ വിലയിരുത്തൽ. അതു കേൾക്കുന്പോഴാണ് പലർക്കും ആശ്വാസം.
സ്വർണവിലയിലെ ഏറ്റക്കുറച്ചിലിന് അന്താരാഷ്ട്ര തലത്തിലുള്ള കാരണങ്ങളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നയങ്ങളും ഡോളർ മൂല്യം ഉയർന്നതുമാണ് നിലവിൽ പൊന്നിന്റെ പ്രഭ കുറയാൻ കാരണമായി പറയുന്നത്. അമേരിക്കയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിൽ തുടരുന്നതിനാൽ, അടിസ്ഥാന പലിശനിരക്ക് വീണ്ടും വർധിപ്പിക്കാനുള്ള സാധ്യതയാണ് വിപണി കാണുന്നത്. പലിശ കൂടുമ്പോൾ സർക്കാർ ബോണ്ടുകളിൽ നിന്ന് മെച്ചപ്പെട്ട ആദായം ലഭിക്കും. ഇൗ സമയം സ്വർണത്തിൽ നിന്ന് പിൻവലിച്ച് കടപ്പത്രങ്ങളിലേക്ക് നിക്ഷേപകർ മാറും. ഇതാണ് വിലയിടിവിന് പ്രധാന കാരണം.
പലിശനിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിൽ യുഎസ് ഡോളർ കരുത്താർജ്ജിക്കുകയാണ്. അതോടെ മറ്റ് നാണയങ്ങളിൽ സ്വർണം വാങ്ങുന്നതിന് ചെലവേറും. അന്താരാഷ്ട്ര വിപണിയിൽ സവർണത്തിന് ഡിമാൻഡ് കുറയും. ജനുവരിയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ വില ഇടിയുമെന്ന ആശങ്ക ഉയർന്നു. അതോടെ, വൻകിട നിക്ഷേപകർ കൈയിലുള്ള സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങി. അതോടെ വിൽപ്പന സമ്മർദ്ദം കൂടിയതും സ്വർണത്തിന് തിരിച്ചടിയായി. കേരള വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ വിപണിയിൽ വലിയ ചലനങ്ങൾക്കാണ് ഇൗ വിലക്കുറവ് വഴിവെച്ചിരിക്കുന്നത്. സ്വർണ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും പണയ ഇടപാടുകാരുടെയും സമീപനങ്ങളിൽ മാറ്റമുണ്ടായി. വില തുടർച്ചയായി കുറയുമ്പോൾ ഇനിയും താഴോട്ടു വരുമെന്ന പ്രതീക്ഷയിൽ സാധാരണക്കാർ സ്വർണം വാങ്ങുന്നത് താൽക്കാലം മാറ്റിവെക്കും. ഇതിനിടെ, വിവാഹത്തിനും മറ്റുമായി സ്വർണം വാങ്ങാനിരിക്കുന്നവർ വില കുറഞ്ഞ സമയത്ത് ജ്വല്ലറികളിൽ പണം നൽകി ഇന്നത്തെ വിലയ്ക്ക് സ്വർണം ബുക്ക് ചെയ്യുന്നുമുണ്ട്. വിലയിലെ ചാഞ്ചാട്ടം കാരണം നല്ല തൂക്കമുള്ള ആഭരണങ്ങളേക്കാൾ ലൈറ്റ് വെയ്റ്റ്, 18 കാരറ്റ് ആഭരണങ്ങളോടുള്ള പലർക്കും താൽപ്പര്യം.
വില കുതിച്ചുയർന്നപ്പോൾ ഉയർന്ന ലാഭം പ്രതീക്ഷിച്ച് നിരവധി പേർ കൈയിലുണ്ടായിരുന്ന പഴയ സ്വർണം വിറ്റിരുന്നു. എന്നാൽ, വില ഇടിഞ്ഞതോടെ അങ്ങനെ വിൽക്കുന്നത് കാര്യമായി കുറഞ്ഞു. അതിനു പകരം പഴയത് മാറ്റി പുതിയ സ്വർണം വാങ്ങാനാണ് താൽപ്പര്യം കാണിക്കുന്നത്. ഉയർന്ന വില കാരണം സ്വർണക്കടകളിൽ തിരക്ക് കുറഞ്ഞിരുന്നു. എന്നാൽ, വില താഴ്ന്നത് വിൽപ്പന ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പവന് ഒറ്റയടിക്ക് 4000 രൂപയോളം കുറയുന്നത് വ്യാപാരികളുടെ സ്റ്റോക്ക് മൂല്യത്തിൽ വലിയ നഷ്ടമുണ്ടാക്കുന്നതും പ്രതിസന്ധിയാണ്.
സാധാരണക്കാരുടെ ആശ്രയമാണ് സ്വർണപ്പണയ വായ്പകൾ. വില ഒരു ലക്ഷത്തിന് മുകളിലെത്തിയപ്പോൾ നല്ല വായ്പ തുകയും ലഭിച്ചിരുന്നു. എന്നാൽ, അങ്ങനെ വലിയ തുക വായ്പ എടുത്തവർക്ക്, വിലയിടിവ് തിരിച്ചടിയാണ്. സ്വർണ മൂല്യം താഴുമ്പോൾ വായ്പാ സ്ഥാപനങ്ങളും ബാങ്കുകളും കുറച്ചു തുക തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണം ഈട് നൽകാനോ ആവശ്യപ്പെടാൻ ഇടയുണ്ട്.
അടുത്തകാലത്ത് പ്രവാസികൾ സ്വർണത്തിനായി പണം മുടക്കുന്നതും കുറഞ്ഞിട്ടുണ്ട്. സ്വർണവിലയിലെ ചാഞ്ചാട്ടം കാരണം പ്രവാസികൾ ബാങ്ക് നിക്ഷേപങ്ങളിലേക്കും മറ്റ് ആസ്തികളിലേക്കുമാണ് പണം തിരിച്ചുവിടുന്നത്.







0 comments