ad
Deshabhimani

കേരള, കർണാടക ഹൈക്കോടതികളിലേക്ക് പുതിയ ജഡ്ജിമാർ; പട്ടികയിൽ ഭൂരിഭാഗവും വനിതകൾ, സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി

Supreme Court.jpg
വെബ് ഡെസ്ക്

Published on Apr 14, 2026, 10:32 PM | 1 min read

ന്യൂഡൽഹി: കേരള, കർണാടക ഹൈക്കോടതികളിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ കൊളീജിയമാണ് ചൊവ്വാഴ്ച നിർണ്ണായക തീരുമാനമെടുത്തത്. ശുപാർശ ചെയ്തവരിൽ ഭൂരിഭാഗവും വനിതാ അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമാണ് എന്നത് ശ്രദ്ധേയമാണ്.


കേരള ഹൈക്കോടതി ജഡ്ജിമാരായി അഡ്വ. പ്രീത അരവിന്ദൻ കൃഷ്ണമ്മ, അഡ്വ. ലിസ് മാത്യു ആന്ത്രപ്പർ എന്നിവരെ നിയമിക്കാനാണ് കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ ലിസ് മാത്യു നിലവിൽ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകയാണ്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊളീജിയത്തിന്റെ ഈ നീക്കം.


കർണാടക ഹൈക്കോടതി ജഡ്ജിമാരായി മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാജേശ്വരി നാരായണ ഹെഗ്‌ഡെ, കെദംബാടി ഗണേഷ് ശാന്തി, മഹാദേവപ്പ ബ്രുങ്കേഷ് എന്നിവരാണ് പട്ടികയിലുള്ളവർ. ഇതിൽ രണ്ടുപേരും വനിതകളാണ്.


മറ്റ് ഹൈക്കോടതികളിലെ ജഡ്ജിമാരുടെ നിയമനങ്ങളിലും കൊളീജിയം തീരുമാനമെടുത്തിട്ടുണ്ട്. ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റിസ് മഞ്ജുഷ അജയ് ദേശ്പാണ്ഡെയെ സ്ഥിരം ജഡ്ജിയാക്കാൻ ശുപാർശ ചെയ്തു. തെലങ്കാന ഹൈക്കോടതിയിൽ നാല് ജഡ്ജിമാരെയും സ്ഥിരപ്പെടുത്താൻ കൊളീജിയം തീരുമാനിച്ചു.


സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്നയും ഉൾപ്പെട്ട കൊളീജിയമാണ് ഈ ശുപാർശകൾ സമർപ്പിച്ചത്. അടുത്ത വർഷം ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ ഒരുങ്ങുകയാണ് ജസ്റ്റിസ് നാഗരത്ന. ഹൈക്കോടതികളിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home