സാന്ത്വന ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പാതിവഴി; വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

kerala care
avatar
എൻ എ ബക്കർ

Published on Oct 13, 2025, 05:35 PM | 3 min read

ന്യൂഡൽഹി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പാലിയേറ്റീവ് കെയർ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇതുവരെ എന്ത് ചെയ്തെന്ന് സുപ്രീം കോടതി. 2017 ലാണ് മന്ത്രാലയം ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയത്. പക്ഷെ കടലാസിൽ ഒതുങ്ങിയ സാഹചര്യം പരാതിയായി. മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ വിശദാംശങ്ങൾ മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


ദേശീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി മാരകരോഗികൾക്ക് പാലിയേറ്റീവ് കെയർ നൽകാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ്മാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 25 ലേക്ക് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.


നാഷണൽ പ്രോഗ്രാം ഫോർ പാലിയേറ്റീവ് കെയർ എന്ന പേരിൽ 2017 ലാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരിന് കീഴിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതായിരുന്നു. ഓരോ സംസ്ഥാനങ്ങൾക്കും ഇതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ജില്ലാ തലം മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ലക്ഷ്യം വെച്ചിരുന്നു.


ഹർജി കോടതിക്ക് മുന്നിൽ എത്തിയതോടെ കേന്ദ്രം ഒരു ചെറിയ സത്യവാങ്മൂലം സമർപ്പിച്ച് നിശ്ശബ്ദത പാലിച്ചു. എന്നാൽ കോടതി വിശദാംശങ്ങൾ തേടി. സത്യവാങ്മൂലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങനെ പാലിക്കുന്നുവെന്ന് പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി. പാലിയേറ്റീവ് കെയർ നൽകുന്നതിന് സ്വീകരിച്ച നടപടികളും നിലവിലുള്ള നയങ്ങളും സൂചിപ്പിക്കുന്ന സമഗ്രമായ ഒരു പ്രതികരണം ഫയൽ ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

ഗുരുതരമായ രോഗങ്ങളും മാരക സ്വഭാവമുള്ള മാനസിക- ആരോഗ്യ വെല്ലുവിളികളും കാരണം അവശതകൾ അനുഭവിക്കുന്നവർക്കുള്ള പരിചരണമാണ് പാലിയേറ്റീവ് കെയറിൽ ലക്ഷ്യമാക്കുന്നത്. ആധുനിക ലോകത്ത് ഉയർന്നു വന്ന പ്രത്യേക മെഡിക്കൽ പരിചരണമാണ്. ഇിതിന് പ്രത്യേകം പരിശീലന പദ്ധതികളും സ്പെഷ്യലൈസേഷനും ഉണ്ട്.


അവശതകൾ അനുഭവിക്കുന്നവരുടെ ഉറ്റവർ വരെ ഇതിന്റെ പരിധിയിൽ വരുന്നു. മാനുഷികതയുള്ള ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമായാണ് ഇത് നിർവ്വഹിക്കപ്പെടുന്നത്. സ്വസ്ഥമായ മരണത്തിനുള്ള അവകാശം പോലും ഇതിൽ ഉൾപ്പെടുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ സ്വയം സന്നദ്ധമായി ഇത്തരം പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. കേരള സംസ്ഥാന സർക്കാരിന്റെ  'കേരളാ കെയർ' സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി ഇതിൽ മാതൃക തീർക്കുന്നു.


kerala care


എട്ട് വർഷം കെട്ടിപ്പൂട്ടിയ മാർഗ്ഗ നിർദ്ദേശങ്ങൾ


രോ സംസ്ഥാനത്തിനും ഒരു സംസ്ഥാന പാലിയേറ്റീവ് പ്രൊട്ടക്ഷൻ സെൽ ഉണ്ടായിരിക്കണമെന്നും, ജില്ലാ തലത്തിൽ മേൽ നോട്ടത്തിന് ഒരു പാലിയേറ്റീവ് കെയർ ടീം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.


എത്ര സംസ്ഥാനങ്ങൾ സെൽ സ്ഥാപിച്ചുവെന്ന് അവർ പറയട്ടെ എന്ന് കോടതി നിർദ്ദേശിച്ചു. എത്ര പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പാലിയേറ്റീവ് കെയർ ടീം ഉണ്ടെന്ന് കേന്ദ്രം അറിയിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.


ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ജയന കോത്താരി, നാഷണൽ പ്രോഗ്രാം ഫോർ പാലിയേറ്റീവ് കെയർ എന്ന 2017 ലെ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് കോടതി മുൻപാകെ വിശദീകരിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് മനസിലാക്കാൻ ഒരു പകർപ്പ് പങ്കുവെച്ചിട്ടുണ്ടെന്ന് ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ വർഷം മാർച്ചിലും സമാന ഹർജിയിൽ കേന്ദ്ര സർക്കാരിനു കീഴിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നും സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


2024 മാർച്ചിൽ, ആരോഗ്യത്തിനുള്ള അവകാശത്തിൽ പാലിയേറ്റീവ് കെയറിനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ സുപ്രീം കോടതി വിധിച്ചു. 2018 ലെ ഒരു വിധിയിൽ നിഷ്ക്രിയ ദയാവധത്തിലൂടെയും, ആസന്ന മരണ ചികിത്സയ്ക്കുള്ള ഒസ്യത്ത് രൂപപ്പെടുത്തുന്ന അഡ്വാൻസ് മെഡിക്കൽ ഡയറക്റ്റീവ്സ് (AMD-കൾ) അല്ലെങ്കിൽ "ലിവിംഗ് വിൽസ്" വഴിയും മരണത്തിനുള്ള അവകാശം കോടതി അംഗീകരിച്ചു. ഇവയുടെ തുടർച്ചയാണ് പുതിയ ഉത്തരവിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.


സാന്ത്വന ചികിത്സ ഹോസ്പിസ് കെയറിൽ നിന്ന് വ്യത്യസ്തമാണ്. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാർ, നഴ്‌സുമാർ, സാമൂഹിക പ്രവർത്തകർ, മറ്റ് സ്പെഷ്യലിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു സംഘമാണ് ഇത് നൽകുന്നത്. ഈ ടീം രോഗിയുടെ മറ്റ് ഡോക്ടർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഇതിന് പ്രായഭേദമില്ല. സന്നദ്ധ സംഘങ്ങൾ വഴിയാണ് ഇത് തുടക്കത്തിൽ ഏറ്റവും അധികം പ്രചരിച്ചതും നിർവ്വഹിക്കപ്പെെട്ടതും.


സാന്ത്വന ചികിത്സയിൽ മുന്നിൽ നടന്ന കേരളം


കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് കേരള കെയർ. ഇതിന്റെ ഏകോപനത്തിനുള്ള സംവിധാനമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. വർഷങ്ങൾക്ക് മുൻപ് തന്നെ കേരള സംസ്ഥാന സാന്ത്വന ചികിത്സാ നയം പ്രഖ്യാപിച്ചിരുന്നു.


പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കല്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ നിര്‍വഹിക്കുന്നത്.


സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷം മാർച്ചിൽ തുടക്കമിട്ടു. ഒരു ലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകർ കേരള കെയറിന്റെ ഭാഗമായി കഴിഞ്ഞു.


kerala care cm



ഇന്ത്യയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്.


നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്.


കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home