ട്രാൻസ്‌ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം;സുപ്രീം കോടതി ഉപദേശക സമിതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'ട്രാൻസ്‌ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി ബിൽ, 2026'പിൻവലിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉപദേശക സമിതി ആവശ്യപ്പെട്ടു. ഈ ബില്ല് ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള വ്യക്തികളുടെ അവകാശം നിഷേധിക്കുന്നതാണ്. മാത്രമല്ല 2014-ലെ NALSA vs Union of India വിധിക്ക് വിരുദ്ധമാണെന്നും സമിതി ചൂണ്ടികാട്ടി.
രാജ്യം മുഴുവൻ ബില്ലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ട്രാൻസ്ജെൻഡര്‍ സമൂഹത്തെ പൊതു ധാരയിൽ നിന്ന് അകറ്റുന്നതും അസ്പൃശ്യത കല്പിച്ച് അകറ്റി നിര്‍ത്തുന്നതുമായ നയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബി ജെ പി സര്‍ക്കാര്‍ പിന്തുടര്‍ന്ന് വരുന്നത്. ലോകം മുഴുവൻ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കുമ്പോൾ ഇതിനെതിരെ നിയമം നിര്‍മ്മിക്കുകയായിരുന്നു.
2019ലെ നിയമ പരിഷ്കരണ സമയത്ത് തന്നെ ഇതിന് വഴിമരുന്നിട്ടിരുന്നു. ബില്ലിലെ നിബന്ധനകൾ എല്ലാം തന്നെ അന്നുതന്നെ എഴുതിച്ചേര്‍ത്തു. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആശാ മേനോൻ അധ്യക്ഷയായ സമിതിയാണ് ബില്ല് പരിശോധിച്ചത്. ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാറിന് സമിതി കത്ത് നൽകി. നിർദ്ദിഷ്ട ഭേദഗതികൾ ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് സമിതി നിരീക്ഷിച്ചു.
മാർച്ച് 20-ന് ചേർന്ന സമിതി യോഗത്തിൽ എട്ടിൽ ഏഴ് അംഗങ്ങൾ പങ്കെടുത്തു. അതേസമയം, സമിതിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായ ഏഴ് കേന്ദ്ര സെക്രട്ടറിമാരും കൺവീനറായ ജോയിന്റ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നു.
അകറ്റി നിര്‍ത്താനുള്ള നീക്കം
നേരത്തെ തുടങ്ങി
ഭേദഗതിയിലെ പല വ്യവസ്ഥകളും നിലവിലുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. ഇവയിലെ ബില്ലുമായുള്ള സാമ്യം സുപ്രീം കോടതി സമിതി എടുത്ത് പറയുന്നുണ്ട്. ഈ വ്യവസ്ഥകൾക്കും പുറമെയാണ് പുതിയ ബില്ല് കൊണ്ടുവന്ന് ട്രാൻസ് ജെൻഡറുകൾക്ക് എതിരായ നിയമ നീക്കം ഉറപ്പു വരുത്തുന്നത്.
2019-ലെ നിയമ പരിഷ്കാരം ട്രാൻസുകൾക്കെതിരെ അതേപടി നടപ്പിലാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കാനാണ് ഒക്ടോബർ 2025-ൽ സുപ്രീം കോടതി ഈ ഉപദേശക സമിതി രൂപീകരിച്ചത്. ട്രാൻസ്‌ജെൻഡർ അധ്യാപികയായ ജയിൻ കൗഷിക് നൽകിയ ഹർജിക്ക് തുടര്‍ച്ചയായായിരുന്നു ഇത്. ഈ സമിതിയാണ് ബില്ലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

മാർച്ച് 13-ന് അവതരിപ്പിച്ച ബിൽ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ മാർച്ച് 24 ചൊവ്വാഴ്ച ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഇന്ന് (മാർച്ച് 25) ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് സമിതിയുടെ ഇടപെടൽ. ഭേദഗതികൾ കൊണ്ടുവരുന്നതിന് മുൻപ് ട്രാൻസ്‌ജെൻഡർ സമൂഹവുമായി വിപുലമായ ചർച്ചകൾ നടത്തണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പിന്നോട്ടടിപ്പിച്ച നിബന്ധനകൾ
സ്വയം നിർണ്ണയാധികാരം നീക്കം ചെയ്യൽ:ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വന്തം ലിംഗസ്വത്വം സ്വയം നിശ്ചയിക്കാനുള്ള അവകാശം ഭേദഗതിയിലൂടെ ഇല്ലാതാക്കുന്നു.
മെഡിക്കൽ ബോർഡ് പരിശോധന:ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ലഭിക്കുന്നതിന് മെഡിക്കൽ ബോർഡിന്റെ അനുമതി നിർബന്ധമാക്കുന്നു.
നിർവ്വചനത്തിൽ മാറ്റം:ജനനസമയത്ത് നിശ്ചയിക്കപ്പെട്ട ലിംഗത്തിൽ നിന്ന് വ്യത്യസ്തമായ സ്വത്വം ഉള്ളവരെ പുതിയ ട്രാൻസ് നിർവ്വചനത്തിൽ നിന്ന് ഒഴിവാക്കുന്നു.
സ്വകാര്യതാ ലംഘനം:ലിംഗമാറ്റ ചികിത്സകൾ (Gender-affirming care)നടത്തുന്ന വിവരങ്ങൾ മെഡിക്കൽ സ്ഥാപനങ്ങൾ ജില്ലാ അധികാരികളെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
ജസ്റ്റിസ് ആശാ മേനോൻ സമിതിയുടെ നിലപാട്
ജയിൻ കൗഷിക് കേസിൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആശാ മേനോൻ സമിതിയുടെ അഭിപ്രായത്തിൽ, ഈ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ്. വ്യക്തിയുടെ ലിംഗസ്വത്വം എന്നത് മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കേണ്ട ഒന്നല്ലെന്നും, അത് വ്യക്തിയുടെ ആന്തരികമായ ബോധ്യമാണെന്നും സമിതി അടിവരയിടുന്നു. ബില്ലിലെ നിർദ്ദേശങ്ങൾ വ്യക്തിയെ വീണ്ടും രോഗിയായി മുദ്രകുത്തുന്ന (Pathologization) രീതിയിലാണെന്ന് സമിതി വിലയിരുത്തുന്നു.









0 comments