ad
Deshabhimani

രാജ്യവ്യാപക എസ്ബിഐ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

SBI.jpg
വെബ് ഡെസ്ക്

Published on May 23, 2026, 05:29 PM | 1 min read

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ മേയ് 25 മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. മുംബൈയിൽ ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് തീരുമാനം.


മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മേയ് 25, 26 തീയതികളിൽ (തിങ്കൾ, ചൊവ്വാ) തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പണിമുടക്ക് നടത്തുമെന്നായിരുന്നു സംഘടന നേരത്തെ അറിയിച്ചിരുന്നത്.


ബാങ്കിലെ സ്ഥിരം ജോലികൾ പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലും ക്ലറിക്കൽ വിഭാഗത്തിലും അടിയന്തരമായി സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവെച്ചത്.


ഇതിനുപുറമെ, ബാങ്കിങ് ഇതര സേവനങ്ങളായ ഇൻഷുറൻസ് പോളിസികൾ വിൽക്കാൻ ജീവനക്കാരെ അനാവശ്യമായി നിർബന്ധിക്കുന്നതിനെതിരെയും ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. ഈ വിഷയങ്ങളിൽ അനുകൂല തീരുമാന ഉണ്ടായതോടെയാണ് സമരം മാറ്റിവെച്ചത്.


അതേസമയം, പണിമുടക്ക് മാറ്റിവെച്ചെങ്കിലും വരുന്ന ദിവസങ്ങളിൽ ബാങ്കുകൾക്ക് തുടർച്ചയായ അവധിയായിരിക്കും. ഇന്ന് നാലാമത്തെ ശനിയാഴ്ചയായതിനാലും നാളെ (മേയ് 24) ഞായറാഴ്ചയായതിനാലും ബാങ്കുകൾക്ക് അവധിയാണ്.


ഇതിന് പിന്നാലെ മേയ് 27 ബുധനാഴ്ച ബക്രീദ് പ്രമാണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധി പ്രഖ്യാപിച്ചതിനാലും ബാങ്കുകൾ അടച്ചിടും. ബാങ്ക് ശാഖകൾക്ക് അവധിയാണെങ്കിലും ഡിജിറ്റൽ/ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ, യുപിഐ പേയ്‌മെന്റുകൾ, എടിഎമ്മുകൾ എന്നിവ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home