ad
Deshabhimani

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആർഎസ്എസ് പരിപാടി; ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് ക്രൂരമദർനം

srfti abgp attack
വെബ് ഡെസ്ക്

Published on Sep 27, 2026, 06:16 PM | 1 min read

കൊൽക്കത്ത: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ പോഷക സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (എബിജിപി). സിനിമയുമായോ ഇൻസ്റ്റിറ്റ്യൂട്ടുമായോ ബന്ധമില്ലാത്ത പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളാണ് ക്യാമ്പസിനുള്ളിൽ ആക്രമണത്തിനിരയായത്. പരിപാടിക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വിദ്യാർഥികളെ ആക്രമിച്ചത്.


ഞായറാഴ്ച ഉച്ചയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മെയിൻ തിയേറ്ററിലായിരുന്നു എബിജിപി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളെയോ സ്റ്റുഡന്റ്സ് യൂണിയനെയോ അറിയിക്കാതെ, ക്യാമ്പസിനുള്ളിൽ തുടർച്ചയായി ആർഎസ്എസ് അജണ്ടയിലുള്ള പരിപാടികൾക്ക് അധികൃതർ അനുമതി നൽകുന്നതിനെതിരെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർഥികൾ പോസ്റ്ററുകൾ പതിപ്പിച്ചു. ഇതിൽ പ്രകോപിതരായ സംഘപരിവാർ പ്രവർത്തകർ വിദ്യാർഥികളെ 'പാറ്റകൾ' 'രാജ്യദ്രോഹികൾ' എന്ന് വിളിച്ച് ആക്രമിക്കുകയായിരുന്നു.


ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ നോക്കാതെ വിദ്യാർഥികളെ സംഘം ചേർന്ന് മർദിക്കുകയും കല്ലുകളും വടികളും കൈയിലുണ്ടായിരുന്ന കത്തികളും ഉപയോഗിച്ച് എറിയുകയും ചെയ്തു. പ്രായോഗിക പരിശീലനങ്ങളിൽ (Practicals) ഏർപ്പെട്ടിരുന്ന വിദ്യാർഥികളെപ്പോലും ഓടിച്ചിട്ട് തല്ലുകയും വസ്ത്രങ്ങൾ കീറിയെറിയുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു. ആക്രമണത്തിനിടെ ലൈബ്രറിയിൽ അഭയം പ്രാപിച്ച വിദ്യാർഥികളെ പിന്തുടർന്നെത്തിയ അക്രമികൾ, ലൈബ്രറിയനെ മർദ്ദിക്കുകയും ലൈബ്രറി കെട്ടിടം വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.


വിവരമറിഞ്ഞ് കൂടുതൽ വിദ്യാർഥികൾ സംഘടിച്ചെത്തി പ്രതിരോധമുയർത്തിയതോടെയാണ് അക്രമികളെ മെയിൻ തിയേറ്ററിൽ നിന്നും ക്യാമ്പസിൽ നിന്നും പുറത്താക്കാനായത്. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സംഘപരിവാർ സംഘടനകൾക്ക് ക്യാമ്പസ് പണയം വെക്കുകയാണെന്ന് സ്റ്റുഡന്റ്സ് യൂണിയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home