സൗകര്യങ്ങൾ നിഷേധിച്ചു, ഇൻസ്റ്റിറ്റ്യൂട്ട് 13 വരെ അടച്ചിടും; സത്യജിത് റേ ഇൻസ്റ്റിട്യൂട്ടിൽ പ്രതികാരനടപടി

കൊൽക്കത്ത: സത്യജിത് റേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്താൻ പ്രതികാരനടപടികളുമായി മാനേജ്‌മന്റ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും അടച്ചിട്ടുമാണ് മാനേജ്മെന്റിന്റെ പ്രതികാരനടപടികൾ.
സംഘപരിവാർ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സെപ്തംബർ 27-നുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.
എന്നാൽ വൈസ് ചാൻസലർ സന്തോഷ് അജ്മേറയെ കൈയേറ്റം ചെയ്തുവെന്നും ഓഫീസിൽ അതിക്രമം കാണിച്ചു എന്നും ആരോപിച്ചാണ് 6 വിദ്യാർത്ഥികളെ പുറത്താക്കിയത്. തുടർന്ന് ഒക്‌ടോബർ നാലിന് പുറത്തുനിന്ന് കല്ലും കുപ്പികളും എറിഞ്ഞ് കൂടുതൽ അക്രമങ്ങൾ അരങ്ങേറി.
സുരക്ഷ ഉറപ്പാക്കുക, അക്രമികൾക്കെതിരെ നടപടിയെടുക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ അനശ്ചിതകാല സമരം ആരംഭിച്ചത്.
സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാരനടപടിയായി ക്യാമ്പസിലെ ജിം, മെസ്, മ്യൂസിക് റൂം തുടങ്ങിയവ അധികൃതർ പൂട്ടിച്ചു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നുമാണ് വിദ്യാർത്ഥി യൂണിയൻ അറിയിച്ചിട്ടുള്ളത്.








0 comments