സാത്താൻകുളം കസ്റ്റഡി മരണം: ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ

ബെന്നിക്സ്, പി ജയരാജൻ Photo Credit: PTI
മധുര: തമിഴ്‌നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കും വധശിക്ഷ. മധുര ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ, മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥർ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കൊലപാതകം നടന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ എസ് ശ്രീധർ, സബ് ഇൻസ്‌പെക്ടർമാരായ കെ ബാലകൃഷ്ണൻ, പി രഘു ഗണേഷ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ് മുരുകൻ, എ സാമിദുരൈ, കോൺസ്റ്റബിൾമാരായ എം മുത്തുരാജ്, എസ് ചെല്ലദുരൈ, എക്സ് തോമസ് ഫ്രാൻസിസ്, എസ് വെയിൽമുത്തു എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പത്താം പ്രതിയായിരുന്ന സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ പോൾദുരൈ വിചാരണയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
2020 ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് പി ജയരാജനെയും മകൻ ബെന്നിക്സിനെയും സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇരുവരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകൾ കാരണം ജൂൺ 22ന് ബെന്നിക്സും തൊട്ടടുത്ത ദിവസം ജയരാജും മരണപ്പെടുകയായിരുന്നു.
നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് ലംഘിച്ച് ക്രൂരകൃത്യം ചെയ്ത ഈ കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന്' കോടതി നിരീക്ഷിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ആവർത്തിച്ചുള്ള മർദ്ദനമാണ് മരണകാരണമെന്ന് കോടതി കണ്ടെത്തി. പരിക്കുകൾ സ്വയം വരുത്തിവെച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം ജഡ്ജി പൂർണ്ണമായും തള്ളി.
കസ്റ്റഡി മരണം വലിയ രാഷ്ട്രീയ - സാമൂഹിക വിവാദമായതോടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ സ്വമേധയാ ഇടപെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതിനെത്തുടർന്ന് അന്വേഷണം ആദ്യം സിബി-സിഐഡിക്കും പിന്നീട് സിബിഐക്കും (CBI) കൈമാറി.










0 comments