ad
Deshabhimani

"കയ്യിൽ അരലിറ്റർ വെള്ളം മാത്രം; വഴി ദുർഘടമായിരുന്നു; രാവിലെയും വൈകുന്നേരവുമൊക്കെ ശബ്ദമുണ്ടാക്കി"

Saranya Coorg Forest

ജി എസ് ശരണ്യ (ഇടത്), രക്ഷാസം?ഘത്തിന്റെ വാഹനത്തിൽ ശരണ്യ (വലത്)

വെബ് ഡെസ്ക്

Published on Apr 05, 2026, 08:00 PM | 2 min read

കുടക്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി എസ് ശരണ്യ(36)യെ വനത്തിൽനിന്നും പുറത്തെത്തിച്ചു. ശരണ്യയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ല. നാല് ദിവസം നീണ്ട തെരച്ചിലിൽ ഞായർ വൈകുന്നേരത്തോടെ വനമേഖലയിൽ നിന്നാണ് ശരണ്യയെ രക്ഷാസംഘം കണ്ടെത്തിയത്. കർണാടക വനംവകുപ്പും പൊലീസും ചേർന്നാണ് വനമേഖലയിൽ തെരച്ചിൽനടത്തിയത്. നക്സൽ വിരുദ്ധ സേനാംഗങ്ങളും തെരച്ചിലിൽ പങ്കെടുത്തിരുന്നു. നാട്ടിലുള്ള അമ്മയോട് ശരണ്യ ഫോണിൽ സംസാരിച്ചു.


ട്രക്കിങ്ങിനിടെ വഴിതെറ്റി പോകുകയായിരുന്നുവെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. താഴേക്ക് ഇറങ്ങിയപ്പോൾ കൂടെ ഉണ്ടായിരുന്നവരെ കാണാനായില്ല. കുറച്ചുകഴിഞ്ഞപ്പോൾ മൊബൈൽ‌ ഫോണിന്റെ നെറ്റ്‍വർക്ക് നഷ്ടമായി. ഭക്ഷണം കൈവശമുണ്ടായിരുന്നില്ല. അരലിറ്ററിന്റെ കുടിവെള്ളം മാത്രമാണുണ്ടായിരുന്നത്. സുഹൃത്തുക്കൾക്ക് മെസേജ് അയക്കാൻ ശ്രമിച്ചപ്പോൾ ഫോൺ ഓഫായി. മഴയും പെയ്തു. രാത്രി ഉറങ്ങാനായില്ല. വഴി ദുർഘടമായിരുന്നു. അരുവിയുള്ള സ്ഥലത്ത് വിശ്രമിച്ചു. സുരക്ഷിതമല്ലാത്തതിനാൽ മുന്നോട്ട് നടന്നില്ല. ആരെങ്കിലും കേൾക്കുമെന്ന് കരുതി രാവിലെയും വൈകുന്നേരവുമൊക്കെ ശബ്ദമുണ്ടാക്കുമായിരുന്നു. ഡ്രോൺ പ്രതീക്ഷിച്ച് കാഴ്ചകിട്ടുന്ന പ്രദേശത്ത് തന്നെ നിലനിന്നു.- ശരണ്യ പറഞ്ഞു.


ട്രക്കിങ്ങിനിടെ വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാല്‍ എന്തുചെയ്യണമെന്നുള്ള പരിശീലനം ശരണ്യയ്ക്ക് ലഭിച്ചിരുന്നു. മുന്‍പും പല ട്രക്കിങ്ങുകള്‍ക്കും ശരണ്യ പോയിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ അങ്ങനെ ആരോടും പറയാറുണ്ടായിരുന്നില്ലെന്നും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നും ശരണ്യ പറഞ്ഞു.


സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1748 മീറ്റർ ഉയരത്തിലുള്ളതും വന്യമൃഗശല്യമുള്ളതുമായ ദുർഘട വനമേഖലയിലായിരുന്നു ശരണ്യ കുടുങ്ങിക്കിടന്നിരുന്നത്. ശരണ്യയെ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം നാട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വിവരം.


കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാം തിയതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്നാണ് ശരണ്യയെ കാണാതായെന്ന വിവരം പുറംലോകമറിയുന്നത്. തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ‌ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home