Deshabhimani

പദ്ധതികൾ പരാജയം; പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: സംയുക്ത കിസാൻ മോർച്ച

samyukta kisan morcha
വെബ് ഡെസ്ക്

Published on Nov 21, 2026, 05:20 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളും 'മേക്ക് ഇൻ ഇന്ത്യ', 'വികസിത ഭാരതം 2047' എന്നീ പദ്ധതികളും പൂർണമായും പരാജയപ്പെട്ടുവെന്ന് സംയുക്ത കിസാൻ മോർച്ച. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു.


നവംബർ 19-ന് ഡൽഹിയിൽ നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) വാർഷിക സമ്മേളനത്തിൽ ഇന്ത്യൻ വ്യവസായ മേഖലയെ പ്രധാനമന്ത്രി പരസ്യമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ തന്നെ നയങ്ങളുടെ പരാജയമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു.


2014-ൽ 'മേക്ക് ഇൻ ഇന്ത്യ' ആരംഭിക്കുമ്പോൾ ജിഡിപിയിൽ നിർമ്മാണ മേഖലയുടെ വിഹിതം 16 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇത് 13.3 ശതമാനത്തിലേക്ക് കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. കോർപ്പറേറ്റ് കമ്പനികളുടെ ലാഭം 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ, തൊഴിലവസരങ്ങളിലെ വളർച്ച 1.5 ശതമാനം മാത്രമാണ്. തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിൽ കാര്യമായ വർധനവുണ്ടായില്ല.


കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചതിലൂടെ ഖജനാവിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. വൻകിടക്കാർക്ക് നികുതി ഇളവുകളും വായ്പാ എഴുതിത്തള്ളലുകളും നൽകുമ്പോൾ, അതിസമ്പന്നർക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിക്കളഞ്ഞു.


വിളകൾക്ക് മിനിമം താങ്ങുവിലയും തൊഴിലാളികൾക്ക് മിനിമം വേതനവും നിഷേധിക്കുന്നത് ജനങ്ങളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ തകർക്കുന്ന നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കർഷക-തൊഴിലാളി ആത്മഹത്യകളിലേക്കും തള്ളിവിടുകയാണെന്നും എസ്കെഎം കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home