ട്രെയിനിലെ കൊലപാതകം: കേസിൽ വഴിത്തിരിവായത് സ്വർണമോതിരം

ചെന്നൈ: നാഗർകോവിൽ റെയിൽവേ യാർഡിൽ കിടന്ന ട്രെയിനിനുള്ളിൽ 54കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് സ്വർണമോതിരം. സ്ത്രീ ധരിച്ചിരുന്ന പാമ്പിന്റെ രൂപത്തിലുള്ള മോതിരമാണ് അന്വേഷണത്തിന് സഹായകമായത്. നവംബർ 13 ന് അർധരാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. മറ്റൊരു ട്രെയിനിൽ ഘടിപ്പിക്കുന്നതിനായി കോച്ച് വൃത്തിയാക്കുന്നതിനിടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്ന് അറിയാൻ സ്ഥലത്തുനിന്നും മറ്റ് തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ കയ്യിലുണ്ടായിരുന്ന സ്വർണമോതിരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
മോതിരത്തിലെ ഹോൾമാർക്ക് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ഉറവിടം ഗുജറാത്താണെന്ന് കണ്ടെത്തി. തുടർന്ന് ഗുജറാത്തിലെ വിൽപ്പനക്കാരനെ ബന്ധപ്പെട്ടതോടെ മോതിരം ഛത്തീസ്ഗഢിലെ റായ്പുരിൽ നിന്നുള്ള വ്യാപാരിക്ക് നൽകിയതായി സ്ഥിരീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് മോതിരം വാങ്ങിയ സ്ത്രീയുടെ പാൻ കാർഡിലെ വിവരങ്ങളും മറ്റും ശേഖരിച്ചത്. ശേഷം പാൻ വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി മൂന്നുമാസമായി കാണാനില്ലെന്ന വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയുടെ ഭർത്താവും മക്കളും കന്യാകുമാരിയിലേയ്ക്ക് പുറപ്പെട്ടു.
യുവതിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണം പ്രതിയിലേയ്ക്ക് നീണ്ടു. ആറുമണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ ട്രെയിൻ കോച്ചുകളിൽ നിന്നും പുറത്തേയ്ക്കിറങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
പലതവണ ഇയാൾ സ്ത്രീയെ കണ്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഉപയോഗിക്കാതെ കിടന്ന കോച്ചിലേക്ക് സ്ത്രീയെ കൂട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യത്തിനു ശേഷം രക്തം പുരണ്ട ഷർട്ട് കുഴിയിലേയ്ക്ക് പ്രതി വലിച്ചെറിഞ്ഞിരുന്നു. ഈ ഷർട്ട് പൊലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയിസ്‍ സ്ത്രീയുടെ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.








0 comments