print edition തൊഴിലുറപ്പ് അട്ടിമറി ; കർഷകരോഷമിരമ്പി

സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ ഹിസാറില്‍ നടന്ന പ്രകടനം
ന്യൂഡൽഹി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചത് അടക്കമുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത പ്രതിരോധ ദിനാചരണത്തിൽ രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും കർഷകത്തൊഴിലാളികളും പങ്കാളികളായി. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പ്രക്ഷോഭങ്ങൾ വിവിധ രൂപങ്ങളിലായി തുടരുമെന്ന് പ്രതിജ്‌ഞയെടുത്തു. ട്രേഡ്‌യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനകളും ഇടതുപക്ഷ പാർടികളും പിന്തുണച്ചു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, യുപി, ബിഹാർ, ബംഗാൾ, ത്രിപുര, കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കിസാൻസഭയുടെയും കർഷകത്തൊഴിലാളി യൂണിയന്റെയും പതിനായിരക്കണക്കിന് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പ്രക്ഷോഭത്തിൽ പങ്കാളികളായി.
കേന്ദ്ര സർക്കാരിന്റെ കർഷക– തൊഴിലാളി– ജനദ്രോഹ കോർപ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരായി ഐക്യത്തോടെയുള്ള തുടർസമരങ്ങളിൽ ഏർപ്പെടുമെന്ന പുതുവർഷ പ്രതിജ്‌ഞയോടെയാണ് പ്രതിരോധ ദിനാചരണത്തിന് തുടക്കമായത്. വിത്ത്, വൈദ്യുതി ബില്ലുകൾ, തൊഴിലുറപ്പിന് പകരമായുള്ള വിബി ജിആർഎഎംജി നിയമം, നാല് ലേബർ കോഡുകൾ എന്നിവ പിൻവലിക്കണമെന്ന ആവശ്യമാണ് മുഖ്യമായും മുന്നോട്ടുവെച്ചത്.
കർഷകരുടെ ജീവിതോപാധിക്കും ഭക്ഷ്യസുരക്ഷയ്‌ക്കും തൊഴിലുറപ്പിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും ഭീഷണിയാണ് കേന്ദ്രത്തിന്റെ പുതിയ നിയമനിർമാണങ്ങളെന്ന് സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെയും കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണ്. ജീവിതോപാധികളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളിൽ വർധിച്ചുവരുന്ന ഐക്യത്തിന്റെയും നിശ്‌ചയദാർഡ്യത്തിന്റെയും പ്രതിഫലനമാണ് പ്രതിരോധദിനാചരണത്തിൽ പ്രകടമായത്.
സ്വാമിനാഥൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവിലയും തൊഴിൽ സുരക്ഷയും സാമൂഹ്യനീതിയും ഫെഡറൽ അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും രാജ്യവ്യാപകമായി യോജിപ്പോടെയുള്ള സുസ്ഥിരമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെയ്‌പ്പായി പ്രതിരോധദിനാചരണം മാറി. ട്രേഡ്‌യൂണിയനുകളുമായും കർഷകത്തൊഴിലാളി സംഘടനകളുമായും മറ്റ് ജനാധിപത്യ ശക്തികളുമായും യോജിച്ചുള്ള രാജ്യവ്യാപക പ്രക്ഷോഭപരിപാടികൾ ആത്‌മവിശ്വാസത്തോടെ തുടരും– സംയുക്ത കിസാൻമോർച്ച അറിയിച്ചു.










0 comments