print edition വിജയം കാണാതെ പിന്മാറില്ല ; രാജ്യവ്യാപക ഐക്യ പ്രക്ഷോഭത്തിന് എസ്‌കെഎം

ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ, ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക ഐക്യ പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന എസ്‌കെഎമ്മിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ത്യ-–അമേരിക്ക വ്യാപാര കരാർ റദ്ദാക്കുക, വൈദ്യുതി ബില്‍, വിത്ത് ബില്‍, നാല് തൊഴിൽ കോഡുകള്‍, വിബിജിആർഎഎംജി നിയമം എന്നിവ പിന്‍വലിക്കുക, മിനിമം താങ്ങുവില നടപ്പാക്കുമെന്നതിന് നിയമപരമായ ഉറപ്പുനൽകുക എന്നീ ആവശ്യങ്ങൾ സമരത്തിൽ ഉയരും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സ്വതന്ത്രമായും തൊഴിലാളികളുമായി ചേർന്ന് ഐക്യ സമരങ്ങളും സംഘടിപ്പാക്കാനാണ് തീരുമാനം. ട്രേഡ് യൂണിയനുകളുമായും കര്‍ഷകത്തൊഴിലാളി സംഘടനകളുമായും ആലോചിച്ച് ഐക്യ സമരപരിപാടിയുടെ രൂപം തീരുമാനിക്കും.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം തുടങ്ങുന്ന മാർച്ച് ഒൻപതിന് ഡൽഹി ജന്തര്‍ മന്തറില്‍ തൊഴിലാളി-– കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കും. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 13- ജാലിയന്‍ വാലാബാഗ് ദിനം വരെ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികളോട് നിർദേശിച്ചു. മാര്‍ച്ച് 23ന് ഭഗത് സിങ് രക്തസാക്ഷി ദിനത്തിൽ രാജ്യമൊട്ടാകെ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കും. പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷക സമരങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അടിച്ചമര്‍ത്തലിനെ യോഗം ശക്തമായി അപലപിച്ചു.
ജോഗിന്ദര്‍ സിങ് ഉഗ്രഹാന്‍, രാകേഷ് ടിക്കായത്ത്, അശോക് ധാവ്‌ളെ, പി കൃഷ്ണപ്രസാദ്, ഇന്ദ്രജിത് സിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 150ൽ അധികം പ്രതിനിധികള്‍ പങ്കെടുത്തു.










0 comments