സാമന്ത, മഹേഷ് ബാബു, സൈന നെഹ്‌വാൾ: ‘ഐഡന്റിറ്റി’ തെളിയിക്കാനാവശ്യപ്പെട്ട് നിരവധി താരങ്ങൾക്ക് എസ്ഐആർ നോട്ടീസ്

ഹൈദരാബാദ് : വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കാൻ ആവശ്യപ്പെട്ട് ഹൈദരബാദിൽ സിനിമ- കായിക താരങ്ങളടക്കമുള്ള നിരവധി പ്രമുഖർക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്. സിനിമ താരങ്ങളായ സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരക്കൊണ്ട, മഹേഷ് ബാബു, വെങ്കിടേഷ്, സംവിധായകൻ രാജമൗലി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി വി എസ് ലക്ഷ്‌മൺ, വനിതാ ടീം മുൻ ക്യാപ്‌റ്റൻ മിതാലി രാജ്, ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ, പുല്ലേല ഗോപിചന്ദ് തുടങ്ങിയവർക്കാണ് നോട്ടീസ് ലഭിച്ചത്. ആനന്ദ് ദേവരകൊണ്ട, രവി തേജ, നമ്രത ശിരോദ്കർ, പി കശ്യപ് തുടങ്ങിയവരും പട്ടികയിലുണ്ട്.
പേരുകളിലെ വ്യത്യാസം, മാതാപിതാക്കളുടെ പേരിലെ വ്യത്യാസം അക്ഷരത്തെറ്റുകൾ, 2002ലെ വോട്ടർപട്ടികയുമായി മാപ്പിങ് നടത്താൻ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. സാമന്ത, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു, സൈന നെഹ്‌വാൾ, രാജമൗലി എന്നിവരുടെ കാര്യത്തിൽ അവസാന വോട്ടർപട്ടികയുമായി മാപ്പിങ് നടത്താൻ പറ്റുന്നില്ല (‘Unmapped with Last SIR’) എന്നാണ് കാരണം രേഖപ്പെടുത്തിയിരിക്കുന്നത്. വി വി എസ് ലക്ഷ്മണിനും രവി തേജയ്ക്കും പേരിലുള്ള വ്യത്യാസമാണ് കാരണം( ‘Self Name Mismatch’) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കർണാടകത്തിൽ 92 വയസ്സുള്ള ഭാരതരത്ന ജേതാവായ ശാസ്ത്രജ്ഞൻ പ്രൊഫ. സി എൻ ആർ റാവു, പത്മശ്രീ ജേതാവ് ഹരേക്കള ഹജബ്ബ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയത് ചർച്ചയായിരുന്നു.









0 comments