ഒടുവില്‍ മൗനം വെടിഞ്ഞു; പേപ്പർ ചോർച്ച അതീവ ഗുരുതരമെന്ന് സൽമാൻ ഖാൻ

മുംബൈ: ജന്തർ മന്തറിൽ തുടരുന്ന സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ സൽമാൻ ഖാൻ. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ധീരരെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പേപ്പർ ചോർച്ച അതീവ ഗുരുതരമായ വിഷയമാണെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.
എന്നാൽ കേന്ദ്രസർക്കാരിനെയോ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെയോ നേരിട്ട് വിമർശിക്കാതെ, സമരം രാഷ്ട്രീയമായി തട്ടിയെടുക്കരുതെന്ന മുന്നറിയിപ്പിനാണ് പ്രതികരണത്തിൽ ഊന്നൽ നൽകിയത്.
സ്കൂൾകാലത്തെ പഴയ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സൽമാന്റെ പ്രതികരണം. വിദ്യാഭ്യാസത്തിനായി ഉറച്ചുനിൽക്കുന്ന ഈ തലമുറ ഇന്ത്യയ്ക്ക് അഭിമാനമാകുമെന്നും അദ്ദേഹം കുറിച്ചു.
ജന്തർ മന്തറിലെ സമരം രാജ്യവ്യാപക ജനപിന്തുണ നേടുകയും പ്രതിപക്ഷ പാർടികൾ ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾ രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് സൽമാന്റെ പ്രതികരണം. പൊലീസ് നടപടിയിൽ വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ ദുഃഖമുണ്ടെന്നും സമാധാനപരമായ പ്രക്ഷോഭം അക്രമാസക്തമായതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നിച്ച വിദ്യാർഥികളെയും അവരെ പിന്തുണച്ച രക്ഷിതാക്കളെയും അഭിനന്ദിച്ച സൽമാൻ, പ്രക്ഷോഭത്തിന്റെ മുഴുവൻ അംഗീകാരവും വിദ്യാർഥികൾക്കാണ് ലഭിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.
വിഷയം വിദ്യാർഥികളും വിദ്യാഭ്യാസ സംവിധാനവും തമ്മിലുള്ളതാണെന്നും വിദ്യാർഥികളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശക്തമാക്കാൻ സർക്കാർ ആവശ്യമായ പിന്തുണ നൽകണമെന്നും സൽമാൻ ആവശ്യപ്പെട്ടു.
അതേസമയം, പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം, പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് അതിക്രമം, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി തുടങ്ങിയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല.
ഒമി വൈദ്യ, സീനത്ത് അമൻ, നസറുദ്ദീൻ ഷാ, രത്ന പഥക് ഷാ, അഭയ് ഡിയോൾ, സോനാക്ഷി സിൻഹ, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും നേരത്തേ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.









0 comments