മന്ത്രിസ്ഥാനത്തിന് കോഴ: മൂന്നുപേർ ഡൽഹിയിൽ പിടിയിൽ


സ്വന്തം ലേഖകൻ
Published on Jul 23, 2026, 08:14 AM | 1 min read
കോഴിക്കോട്: മൂന്ന് കോടി രൂപയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് എംഎൽഎയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹി സ്വദേശികളാണ് പിടിയിലായത്. ഡിസിപി പദംസിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അടുത്തദിവസം പ്രതികളുമായി കോഴിക്കോട്ടേയ്ക്കുതിരിക്കും. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
എംഎൽഎയുടെ ഫോണിലേക്ക് വിളിച്ചയാളുടെ നമ്പർ പിന്തുടർന്നാണ് പൊലീസ് ഡൽഹിയിലെത്തിയത്. ഫോൺ ഉടമയെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ ഫോൺ കളഞ്ഞുപോയെന്നും ആരാണ് ഉപയോഗിച്ചത് അറിയില്ല എന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ടവർ ഡംപിങ്ങടക്കമുള്ള പരിശോധന നടത്തിയാണ് പൊലീസ് മറ്റ് രണ്ടുപേരെ കണ്ടെത്തിയത്. സംശയനിവാരണം വരുത്താത്തതിനാൽ ഫോൺ നമ്പർ പൊലീസ് കസ്റ്റഡിയിൽവച്ചിരിക്കയാണ്. ഇയാളെ ഡൽഹിയിൽ പൊലിസിന്റെ നിരീക്ഷണത്തിൽ നിർത്തും. മറ്റ് രണ്ടാളുകളുമായി പൊലീസ് അടുത്ത ദിവസം പുറപ്പെടും. ട്രെയിൻ ടിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. ടിക്കറ്റ് ലഭിച്ചാലുടൻ പുറപ്പെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നും നേരത്തെയും രാഷ്ട്രീയക്കാരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എസ്‌ഐ അനിൽകുമാർ, നൗഷാദ്, എഎസ്‌ഐ ബിജു എന്നിവരും സംഘത്തിലുണ്ട്.
കഴിഞ്ഞ ആറിനാണ് എലത്തൂർ എംഎൽഎയായ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺ വിളിയെത്തിയത്. എംപിമാരായ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും സമാനമായ വിളിയെത്തിയിരുന്നു. എംപി ഓഫീസിൽനിന്നാണ് പ്രതികൾ എംഎൽഎയുടെയും എംപിമാരുടെയും ഫോൺ നമ്പറുകൾ ശേഖരിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറിയെന്ന പേരിലായിരുന്നു ഫോൺ വിളി.









0 comments