അസം പ്രളയം: കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം; 6.53 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ പ്രളയം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ നാല് കുട്ടികളടക്കം 10 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ആറുപേരെ കാണാതായതായും അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ശിവസാഗർ, ജോർഹട്ട് ജില്ലകളിൽ മൂന്നുപേർ വീതവും ചരൈദിയോയിൽ രണ്ടുപേരും ധേമാജി, കാർബി ആംഗ്ലോങ് ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.
കാർബി ആംഗ്ലോങ്, ഗോലാഘട്ട്, ചരൈദിയോ, കാമരൂപ്, ശിവസാഗർ, ജോർഹട്ട്, ദിബ്രുഗഡ്, നാഗാവ്, ധേമാജി, ഹോജായ്, കാമരൂപ് മെട്രോപൊളിറ്റൻ എന്നീ 11 ജില്ലകളിലായി 6.53 ലക്ഷത്തിലേറെ പേരെ പ്രളയം ബാധിച്ചു. 40 റവന്യൂ സർക്കിളുകളിലെ 939 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്രയുടെയും പോഷകനദികളുടെയും ജലനിരപ്പ് ഉയരുകയാണ്. ദിസാങ് നദി നംഗ്ലാമുരാഘട്ടിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രളയനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്. ബുർഹിദിഹിങ്, ദിഖൗ, ധൻസിരി, കുഷിയാര നദികളും വിവിധയിടങ്ങളിൽ അപകടനിലയ്ക്ക് മുകളിലാണ്.
പ്രളയബാധിതരായ 3.13 ലക്ഷത്തിലേറെ പേർ ജില്ലാ ഭരണകൂടം ഒരുക്കിയ 487 ദുരിതാശ്വാസ ക്യാമ്പുകളിലും വിതരണകേന്ദ്രങ്ങളിലുമായി കഴിയുന്നു. 1.38 ലക്ഷത്തിലേറെ വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു.
സൈന്യം, ദേശീയ–സംസ്ഥാന ദുരന്തനിവാരണ സേനകൾ, അഗ്നിരക്ഷാസേന, പൊലീസ്, വ്യോമസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച മാത്രം 8,409 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയത്തിൽ 53 റോഡുകളും ആറ് സംരക്ഷണഭിത്തികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും തകർന്നു.









0 comments